സ്വർണ അമ്പും വില്ലും വെള്ളി ആനകളും അയ്യപ്പന് കാണിക്കയേകി തെലങ്കാന സംഘം

Jaihind Webdesk
Saturday, January 11, 2025

 

ശബരിമല: അയ്യപ്പന് സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമർപ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശിയും കാറ്ററിങ് ബിസിനസുകാരനുമായ അക്കാറാം രമേശാണ് 120 ഗ്രാം സ്വർണത്തിൽ തീർത്ത അമ്പും വില്ലും, 400 ഗ്രാം തൂക്കം വരുന്ന വെള്ളി ആനകളും ശബരിമല സന്നിധാനത്തെത്തി കാണിക്കയായി നൽകിയത്.

തന്‍റെ മകനായ അഖിൽ രാജിന് എംബിബിഎസിന് ഗാന്ധി മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചതിനെതുടർന്ന് താനും ഭാര്യ അക്കാറാം വാണിയും മകനുവേണ്ടി നേർന്ന കാണിക്കയാണിതെന്ന് അക്കാറാം രമേശ് പറഞ്ഞു. ഇപ്പോൾ മെഡിക്കൽ കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ് മകൻ. ഒമ്പതംഗ സംഘമായി പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയുമേന്തി രമേശും കൂട്ടരും മല ചവിട്ടി കാണിക്കയർപ്പിച്ചത്. മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണ് ശ്രീകോവിലിന് മുന്നിൽവെച്ച് കാണിക്ക ഏറ്റുവാങ്ങിയത്.

അതേസമയം മാളികപ്പുറം ശ്രീകോവിലിനുമുകളിലേക്ക് വസ്ത്രം എറിയുന്നതുപോലുള്ള ദുരാചാരങ്ങൾ ചെയ്യരുതെന്ന് മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി പറഞ്ഞു. ദേവസ്വം ബോർഡിന്‍റെയും തന്ത്രിയുടെയും നിർദേശങ്ങൾ പാലിച്ച് ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി പാലിച്ച് സുഗമമായ തീർഥയാത്രയാക്കി മാറ്റാൻ ഭക്തർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.