ലക്ഷ്യം രാഹുലല്ല, ഷാഫി പറമ്പില്‍; കോണ്‍ഗ്രസ് യുവനിരയ്ക്കെതിരെ സിപിഎം നീക്കം ശക്തമാക്കുമ്പോള്‍

Jaihind News Bureau
Thursday, December 4, 2025

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിയമനടപടികളും അറസ്റ്റ് നാടകങ്ങളും കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുമ്പോള്‍, അതിനു പിന്നില്‍ സിപിഎമ്മിന് വ്യക്തമായ മറ്റൊരു ഗൂഢലക്ഷ്യമുണ്ടെന്ന വാദം ശക്തമാവുകയാണ്. രാഹുലിനെ മുന്നില്‍ നിര്‍ത്തി സിപിഎം ഉന്നംവെക്കുന്നത് കോണ്‍ഗ്രസിലെ ജനകീയനായ യുവനേതാവ് ഷാഫി പറമ്പില്‍ എംപിയെയാണെന്ന് സമീപകാല സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ കേസുകളില്‍ കുടുക്കി ജയിലിലടച്ച നടപടി കേവലം ഒരു സമരത്തിന്റെ ബാക്കിപത്രമല്ല. മറിച്ച്, കോണ്‍ഗ്രസിന്റെ യുവനേതൃത്വത്തെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നു വിലയിരുത്തുന്നതില്‍ തെറ്റില്ല. രാഹുലിനെതിരായ നീക്കത്തിലൂടെ സിപിഎം ലക്ഷ്യമിടുന്നത് ഷാഫി പറമ്പിലാണ്. സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളുടെയും പാലക്കാട് ജില്ലാ സെക്രട്ടറിയുടെയും വരികള്‍ക്കിടയിലെ സൂചനകള്‍ വിരല്‍ചൂണ്ടുന്നതും ഇതിലേക്കാണ്. ഷാഫിയും രാഹുലും തമ്മിലുള്ള ആത്മബന്ധത്തെ പോലും വളച്ചൊടിച്ച്, രാഹുലിന്റെ പേരില്‍ ഷാഫിയെ പ്രതിക്കൂട്ടിലാക്കാനാണ് സൈബര്‍ ഇടങ്ങളിലും പൊതുവേദികളിലും സിപിഎം ശ്രമിക്കുന്നത്.

ഷാഫി പറമ്പിലിനെ സിപിഎം ഇത്രയേറെ ഭയക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ കണക്കുകളുണ്ട്. 2016-ലെ പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിന് നല്‍കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. അന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എന്‍.എന്‍. കൃഷ്ണദാസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് ഷാഫി പറമ്പില്‍ വിജയിച്ചു കയറിയത്. സിപിഎമ്മിന്റെ കോട്ടയില്‍ അവര്‍ മൂന്നാം സ്ഥാനത്തായത് രാഷ്ട്രീയമായി വലിയ ക്ഷീണമായിരുന്നു.പി്്ന്നീടുള്ള തെരഞ്ഞടുപ്പുകളിലെല്ലാം അവര്‍ മൂന്നാം സ്ഥാനത്തിനു മുകളില്‍ പോയിട്ടില്ല. ഷാഫിയോടുള്ള പക അവിടെ അവസാനിച്ചില്ല. പിന്നീട് 2024-ല്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ കെ.കെ. ശൈലജ എന്ന വമ്പന്‍ സ്ഥാനാര്‍ത്ഥിയെ ഇറക്കി വിജയം ഉറപ്പിച്ചുനിന്ന സിപിഎമ്മിനെ, പാലക്കാട്ടു നിന്നെത്തിയ ഷാഫി പറമ്പില്‍ അട്ടിമറിച്ചു. വടകരയിലെ ആ വിജയം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിത പ്രഹരമായിരുന്നു. കേരളത്തില്‍ എവിടെയും മത്സരിച്ചു ജയിക്കാന്‍ കെല്‍പ്പുള്ള നേതാവായി ഷാഫി വളരുന്നത് ഭാവിക്ക് ഭീഷണിയാണെന്ന് സിപിഎം തിരിച്ചറിയുന്നു.

സമരവീര്യമുള്ള യുവനേതാക്കളെ കേസുകളില്‍പ്പെടുത്തി അവരുടെ രാഷ്ട്രീയഭാവി ഇല്ലാതാക്കുക എന്നത് സിപിഎം പയറ്റുന്ന സ്ഥിരം തന്ത്രമാണ്. ക്രിമിനല്‍ കേസുകളിലോ പീഢനക്കേസുകളിലോ പ്രതികളാക്കി ചിത്രീകരിച്ച് പൊതുസമൂഹത്തിന് മുന്നില്‍ അവഹേളിക്കുക, അതുവഴി അവരുടെ രാഷ്ട്രീയ വളര്‍ച്ച തടയുക എന്നതാണ് രീതി. രാഹുല്‍ മാങ്കൂട്ടത്തില്‍ ആ കെണിയില്‍ പെട്ടുപോയെന്നും, ഇനി അടുത്ത ഊഴം ഷാഫിയുടേതാണെന്നും കോണ്‍ഗ്രസ് ക്യാമ്പുകള്‍ സംശയിക്കുന്നു.

എംപി ആകുന്നതിന് മുന്‍പ് തന്നെ ഷാഫിയെ ഒതുക്കാന്‍ സിപിഎം പലവഴികള്‍ നോക്കിയിരുന്നു. എന്നാല്‍ ജനകീയത എന്ന കവചം കൊണ്ട് ഷാഫി അതിനെ അതിജീവിച്ചു. ഇപ്പോള്‍ രാഹുലിനെതിരായ നീക്കങ്ങളെ ഷാഫിയിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ശ്രമം. കോണ്‍ഗ്രസിലെ വരുംതലമുറ നേതാക്കളെ മുളയിലേ നുള്ളുക എന്ന തന്ത്രം തന്നെയാണ് ഇതിനു പിന്നില്‍. ഈ തിരഞ്ഞെടുപ്പു കാലത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഉണ്ടായ നടപടികള്‍ ഒരു വ്യക്തിക്കെതിരായ നീക്കമല്ല, മറിച്ച് കോണ്‍ഗ്രസിന്റെ യുവനിരയെ തളര്‍ത്താനുള്ള സിപിഎമ്മിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണ്.

ഷാഫി പറമ്പില്‍ എന്ന ‘രാഷ്ട്രീയ ഭീഷണി’യെ നേരിടാന്‍ നിയമസംവിധാനങ്ങളെയും രാഷ്ട്രീയ സാഹചര്യങ്ങളെയും സിപിഎം ആയുധമാക്കുമ്പോള്‍, വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് വലിയൊരു രാഷ്ട്രീയ പോരാട്ടത്തിനാകും.