ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരെ താരങ്ങൾ ഉന്നയിച്ച ലൈംഗകാതിക്രമ പരാതി ഗൗരവതരമെന്ന് സുപ്രീം കോടതി. പരാതി നല്‍കിയിട്ടും കേസെടുക്കുന്നില്ലെന്നാരോപിച്ചുള്ള ഹര്‍ജിയില്‍ മറുപടി നൽകാൻ ആവശ്യപ്പെട്ട് ഡൽഹി പൊലീസിന് സുപ്രീം കോടതി നോട്ടിസയച്ചു .2012 മുതലുള്ള ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത് ഇതിന് വെള്ളിയാഴ്ച്ചക്കകം മറുപടി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആവശ്യപ്പെട്ടു.
അടിയന്തര ഇടപെടൽ തേടി ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെ അഭിഭാഷകൻ കപിൽ സിബൽ വിഷയം ഉന്നയിച്ചത്. സമർപ്പിച്ച രേഖകൾ പരിശോധിച്ച് ആരോപണങ്ങൾ ഗൗരവതരമാണെന്ന് നിരീക്ഷിച്ച കോടതി ഡൽഹി പൊലീസിനും സർക്കാരിനും നോട്ടീസ് അയച്ചു. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി വയ്ക്കാനും നിർദ്ദേശിച്ചു. കേസ് വരുന്ന വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.
അതേസമയം കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ കൂടി പിന്തുണയോടെ ഡൽഹി ജന്തർ മന്തറിലെ രാപ്പകൽ സമരം ഗുസ്തി താരങ്ങൾ ശക്തമാക്കി. ലോക കായിക വേദികളിൽ രാജ്യത്തിന് വേണ്ടി മെഡൽ നേടിയ 7 വനിത താരങ്ങളാണ് 3 ദിവസമായി ഡൽഹി ജന്തർ മന്തറിൽ രാപ്പകൽ സമരം തുടരുന്നത്. ഇതില്‍ പ്രായപൂർത്തിയാകാത്ത ഒരാളുമുണ്ട്.