കടല്‍ക്കൊല കേസ്: ബോട്ടുടമയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സുപ്രീം കോടതി തടഞ്ഞു

Jaihind Webdesk
Thursday, August 19, 2021

ന്യൂഡല്‍ഹി : കടല്‍ക്കൊല കേസില്‍ ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് സുപ്രീം കോടതി തടഞ്ഞു. ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാര തുക ഇപ്പോള്‍ നല്‍കേണ്ടെന്ന് കേരള ഹൈക്കോതിക്ക് സുപ്രീം കോടതി നിർദേശം നല്‍കി. നഷ്ടപരിഹാര തുകയില്‍ അവകാശവാദം ഉന്നയിച്ച് ഏഴ് മത്സ്യതൊഴിലാളികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. സെന്‍റ് ആന്‍റണീസ് ബോട്ടുടമ ഫ്രെഡിക്ക് കോടതി നോട്ടീസ് അയച്ചു.

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്ക് നാല് കോടി രൂപവീതവും ബോട്ടുടമയ്ക്ക്  രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നത്. ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാരത്തുകയില്‍ അവകാശം ഉന്നയിച്ചാണ് സംഭവ ദിവസം ബോട്ടിലുണ്ടായിരുന്നഏഴ് മത്സ്യത്തൊഴിലാളികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി അഭിപ്രായം തേടി. മത്സ്യ തൊഴിലാളികള്‍ കേരള ഹൈക്കോടതിയെ സമീപിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കേസ് രണ്ടാഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.