ഭരണഘടനയുടെ ആമുഖം തിരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി ; ‘സോഷ്യലിസവും,മതേതരത്വവും നീക്കം ചെയ്യില്ല

Jaihind Webdesk
Monday, November 25, 2024


ഡല്‍ഹി: ഭരണഘടനയുടെ ആമുഖം തിരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി. ആമുഖത്തിലുള്ള ‘സോഷ്യലിസ്റ്റ്’, ‘സെക്യുലര്‍'(മതേതരം) എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പാര്‍ലമെന്റിന്റെ തീരുമാനം റദ്ദാക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് സഞ്ജയ് കുമാര്‍ കൂടി അംഗമായ സുപ്രിംകോടതി ബെഞ്ച്. എത്രയോ വര്‍ഷമായി ഈ വാക്കുകള്‍ ഭരണഘടനയില്‍ ചേര്‍ത്തിട്ട്, പെട്ടെന്ന് ഇപ്പോള്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനകളുടെ ഭാഗമാണ്. പാര്‍ലമെന്റിന്റെ ഭരണഘടനാ ഭേദഗതിക്കുള്ള പാര്‍ലമെന്റിന്റെ അധികാരം ആമുഖത്തിനും ബാധകമാണെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു.

1976ല്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഭേദഗതി വരുത്തി ഇന്ദിരാഗാന്ധി സര്‍ക്കാര്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ വാക്കുകള്‍ ചേര്‍ത്തതിനെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്. അടിയന്തരാവസ്ഥക്കാലത്ത് നടന്ന ഭരണഘടനയിലെ 42-ാം ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണു ഹരജിക്കാര്‍ വാദിച്ചത്. അസാധാരണ സാഹചര്യങ്ങളിലായിരുന്നു പാര്‍ലമെന്റ് ഭേദഗതി പാസാക്കിയത്. ലോക്സഭാ കാലാവധി നീട്ടുക വരെ ചെയ്തിരുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞു.

സോഷ്യലിസത്തെ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കര്‍ എതിര്‍ത്തിരുന്നുവെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. വിഷ്ണുശങ്കര്‍ ജെയിന്‍ പറഞ്ഞു. ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നത് വ്യക്തിസ്വാതന്ത്ര്യം കുറയ്ക്കലാകുമെന്നാണ് അംബേദ്കര്‍ അഭിപ്രായപ്പെട്ടതെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. ഭരണഘടനയുടെ ആമുഖത്തില്‍ മാറ്റം വരുത്താന്‍ പാടില്ലെന്നും അദ്ദേഹം വാദിച്ചു.

ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയ ചില ആശങ്കകള്‍ അംഗീകരിച്ച ചീഫ് ജസ്റ്റിസ് വിഷയം മുന്‍പ് തന്നെ ജുഡീഷ്യല്‍ പരിശോധനയ്ക്കു വിധേയമായതാണെന്നു ചൂണ്ടിക്കാട്ടി. സുപ്രിംകോടതി വിഷയം മുന്‍പും പരിശോധിച്ചിട്ടുണ്ടെന്നും ജഡ്ജിമാര്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ് മതേതരത്വമെന്നും ചീഫ് ജസ്റ്റിസ് ഖന്ന നിരീക്ഷിച്ചു. മറ്റു രാജ്യങ്ങളില്‍നിന്നു വളരെ വ്യത്യസ്തമായാണ് സോഷ്യലിസത്തെ ഇന്ത്യയില്‍ മനസിലാക്കപ്പെടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇവിടത്തെ സാഹചര്യത്തില്‍ സോഷ്യലിസം എന്നതുകൊണ്ട് പ്രാഥമികമായി അര്‍ഥമാക്കുന്നത് ക്ഷേമരാഷ്ട്രമാണ്. നല്ല നിലയില്‍ തഴച്ചുവളരുന്ന സ്വകാര്യ മേഖലയെ അത് ഒരിക്കലും തടഞ്ഞിട്ടില്ല. അതിന്റെ ഗുണം നമ്മള്‍ക്കെല്ലാം ലഭിച്ചിട്ടുമുണ്ട്. വ്യത്യസ്തമായൊരു പശ്ചാത്തലത്തിലാണ് സോഷ്യലിസം ഇവിടെ പ്രയോഗിക്കുന്നത്. ഇതൊരു ക്ഷേമരാഷ്ട്രമാകണമെന്നും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി നിലകൊള്ളണമെന്നും അവര്‍ക്കു തുല്യമായ അവസരങ്ങള്‍ നല്‍കണമെന്നുമെല്ലാമാണ് അതുകൊണ്ട് അര്‍ഥമാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.