ബാബാ രാംദേവിന് തിരിച്ചടി; കള്ള സത്യവാങ്മൂലം, മാപ്പപേക്ഷ തള്ളി സുപ്രീംകോടതി

Jaihind Webdesk
Wednesday, April 10, 2024

 

ഡല്‍ഹി: പതഞ്ജലിയുടെ കോടതി അലക്ഷ്യക്കേസില്‍ ബാബാ രാംദേവിന്‍റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി. പതഞജ്‌ലി മനപൂര്‍വം കോടതിയലക്ഷ്യം  നടത്തിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തുടർന്ന് ഒരു കാരുണ്യവും പ്രതീക്ഷിക്കേണ്ടെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. കേസ് 16ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പ് ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസില്‍ ബാബാ രാംദേവ് രണ്ടാം തവണയും കോടതിയില്‍ നേരിട്ട് ഹാജരാവുകയായിരുന്നു. പതഞ്ജലി സഹസ്ഥാപകർ നൽകിയത് കള്ള സത്യവാങ്മൂലം ആണെന്നും സത്യവാങ്മൂലത്തിൻ്റെ ആനുകൂല്യം നൽകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒരേ പോലെ പല മാപ്പേക്ഷ നല്‍കിയാല്‍ കോടതിയെ ബോധ്യപ്പെടുത്താമെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. പതഞ്ജലിയുടെ കാര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മനപൂര്‍വമായ വീഴ്ച വരുത്തിയെന്നും സുപ്രീംകോടതി വ്യക്തമാക്കി. കോടതിക്ക് അന്ധതയില്ലെന്നും വീഴ്ച വരുത്തിയവർ പ്രത്യാഘാതം നേരിടണമെന്നും ജസ്റ്റിസ് അമാനുള്ള പറഞ്ഞു. പതഞ്ജലി സഹസ്ഥാപകർ നടത്തിയത് മനപൂർവമായ നിയമ ലംഘനമാണെന്നും സത്യവാങ്മൂലം ബോധ്യപ്പെടുന്നില്ലെന്നും ജസ്റ്റിസ് ഹിമ കോഹ്ലി പറഞ്ഞു.

കേസ് പരിഗണിച്ചപ്പോള്‍ പതഞ്ജലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അലോപ്പതി മരുന്നുകള്‍ക്കെതിരായ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നായിരുന്നു ആയുഷ് മന്ത്രാലയം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയത്.  അലോപ്പതിക്കെതിരായ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അത് പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്നുമാണ് സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചത്. കൊവിഡ് പ്രതിരോധം എന്ന പേരില്‍ പതഞ്ജലി പുറത്തിറക്കിയ ‘കൊറോണിലിന്’ പരസ്യം നല്‍കരുതെന്ന് നിര്‍ദ്ദേശിച്ചുവെന്നും ഇതിന്‍റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്. കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്.