ഇളവുകള്‍ കാരണം എന്തെങ്കിലും അത്യാഹിതം ഉണ്ടായാല്‍ കര്‍ശന നടപടി ; കേരളത്തിലെ സ്ഥിതി നിരാശാജനകമെന്ന് സുപ്രീം കോടതി

Jaihind Webdesk
Tuesday, July 20, 2021

 

ന്യൂഡൽഹി : ബക്രീദിനോടനുബന്ധിച്ച്  ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി.ഗുരുതരമായ വിഷയമാണിതെന്നും കേരളത്തിലെ സ്ഥിതി നിരാശാജനകമാണെന്നും കോടതി പറഞ്ഞു. ഇത്തരം നടപടികളിലൂടെ എന്തെങ്കിലും പ്രത്യാഘാതങ്ങളുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മഹാമാരിയുടെ സമയത്ത് സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. മത സംഘടനകള്‍ ഉള്‍പ്പടെയുള്ള സമ്മര്‍ദ്ദ വിഭാഗങ്ങള്‍ക്ക് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ തടയാന്‍ കഴിയില്ല. ഇളവുകള്‍ കാരണം എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അത് കോടതിയുടെ ശ്രദ്ധയില്‍ പൗരന്മാര്‍ക്ക് കൊണ്ട് വരാമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അങ്ങനെ സംഭവിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേരളത്തിലെ അവസ്ഥ നിരാശാജനകമാണെന്നത് ഇളവുകള്‍ ന്യായീകരിച്ച് ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ബക്രീദ് പ്രമാണിച്ച് ചില ഇളവുകള്‍ മാത്രമേ അനുവദിച്ചിട്ടുള്ളു എന്ന കേരളത്തിന്‍റെ വാദം കോടതി തള്ളി. രോഗവ്യാപനം രൂക്ഷമായ കാറ്റഗറി ഡി മേഖലയില്‍ പോലും എല്ലാ കടകള്‍ തുറക്കാന്‍ അനുവദിച്ചത് ഗുരുതരമായ വിഷയമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കാവടി യാത്രക്കെതിരായ ഉത്തരവ് കേരളത്തിനും ബാധകമാണെന്നും സുപ്രീം കോടതി ഓര്‍മിപ്പിച്ചു.