ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 78 ആം ദിവസം കടക്കുമ്പോള്‍ പ്രാദേശിക പിന്തുണയോടെ സമരം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ആശമാര്‍.
78 ദിവസമായി ആശാ വര്‍ക്കര്‍മാര്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുകയാണ്. എന്നാല്‍ സര്‍ക്കാര്‍ കണ്ടഭാവം നടിക്കാതെ മുഖം തിരിഞ്ഞു നില്‍ക്കുകയാണ് നാളിതുവരെയും. നേരത്തെ സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ആക്കിയ നടപടി മരവിപ്പിച്ചതായി ഉത്തരവിറക്കിയിരുന്നു. സമരം ചെയ്യുന്ന ആശമാരുടെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. 62-ാം വയസില്‍ ആനുകൂല്യങ്ങളില്ലാതെ ആശാവര്‍ക്കര്‍മാര്‍ സ്വയം വിരമിച്ച് പോകണമെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. 2022ല്‍ ആയിരുന്നു ഈ ഉത്തരവ് പുറത്തുവന്നത്. ഈ ഉത്തരവിനെതിരെ ആശാവര്‍ക്കര്‍മാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഓണറേറിയം കൂട്ടണം, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിക്കണമെന്നുമുള്ള പ്രധാന ആവശ്യങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. അതേസമയം ആശമാരെ അവഗണിക്കുകയും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെയുമാണ് സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്നത്. സര്‍ക്കാര്‍ വാര്‍ഷികാചരണത്തിനോട് അനുബന്ധിച്ച് കോട്ടയത്ത് ആശാ സംഗമവും ആശമാരെ ആദരിക്കലും നടത്തിയിരുന്നു. എന്നാല്‍ ന്യായമായ ഓണറേറിയം കൂട്ടാന്‍ സാധിക്കാത്തവര്‍ ആശമാരെ ആദരിക്കുമെന്നു പറയുന്നത് വിരോധാഭാസമാണ്. വാര്‍ഷികമെന്ന പേരില്‍ കോടികള്‍ ചെലവിട്ട് ധൂര്‍ത്തടിക്കാനാണ് പോകുന്നത്. ആഘോഷങ്ങളും മാമാങ്കങ്ങളും നടത്തി ജനങ്ങളെ എക്കാലവും കബളിപ്പിക്കാന്‍ സാധ്യമല്ലെന്നും ഒരുകൂട്ടം ആശമാര്‍ പറയുന്നു.