നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് റോഡിലേക്ക് നീങ്ങി; ഗേറ്റും മതിലും തകര്‍ത്തു, അപകടം ഡ്രൈവർ കാപ്പി കുടിക്കാൻ പോയ സമയത്ത്

Jaihind Webdesk
Saturday, July 6, 2024

 

കോട്ടയം: കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് പിന്നിലേക്ക് നീങ്ങി അപകടം. നിര്‍ത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില്‍ ഇടിച്ചു തകര്‍ത്തു.  ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡും മറികടന്ന് ബസ് പിന്നോട്ടു നീങ്ങി എതിര്‍വശത്തുള്ള പ്രസ് ക്ലബ്-പിഡബ്ല്യുഡി കെട്ടിടത്തിന്‍റെ ഗേറ്റും മതിലും തകര്‍ത്തു.

ഇന്നു പുലർച്ചെയാണ് സംഭവം. ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ കാപ്പി കുടിക്കുവാൻ പോയ സമയത്താണ് അപകടമുണ്ടായത്. റോഡില്‍ മറ്റു വാഹനങ്ങളോ യാത്രക്കാരോ ഇല്ലാത്തതിനാല്‍ വൻ ദുരന്തം ഒഴിവായി. ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിർവശത്തുള്ള മതിലും ഗേറ്റിലും  ഇടിക്കുകയായിരുന്നു.