പ്രിയ വർഗീസിന്‌ തിരിച്ചടിയായി യുജിസി സത്യവാങ്മൂലം; നിയമനത്തിനുള്ള സ്റ്റേ ഒരു മാസത്തേക്ക് കൂടെ നീട്ടി

Jaihind Webdesk
Wednesday, August 31, 2022

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് അസോസിയേറ്റ്‌ പ്രൊഫസറായി നിയമിച്ച പ്രിയ വർഗീസിന്‌ തിരിച്ചടിയായി യുജിസി സത്യവാങ്മൂലം. ഗവേഷണകാലം അധ്യാപനകാലമായി കണക്കാക്കാനാവില്ലെന്ന് യുജിസി ഹൈക്കോടതിയിൽ അറിയിച്ചു. ഇക്കാര്യം രേഖാമൂലം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചതിനു പിന്നാലെ പ്രിയ വർഗീസിന്റെ നീയമനത്തിനുള്ള സ്റ്റൈ ഒരു മാസത്തേക്ക് കൂടി കോടതി നീട്ടി. നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതിയിൽ യുജിസി നിലപാടറിയിച്ചത്.

രണ്ടാം റാങ്കുകാരൻ ജോസഫ് സ്‌കറിയയുടെ ഹർജിയിലായിരുന്നു കോടതി നടപടി. ഇന്ന് ഹർജി വീണ്ടും പരിഗണിച്ച കോടതി സ്റ്റേ നീട്ടുകയായിരുന്നു. അതെ സമയം തനിക്ക് അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകണമെന്നാവശ്യപ്പെട്ടു ഡോക്ടർ ജോസഫ് സ്കറിയ മറ്റൊരു ഹർജി കൂടി നൽകി. എന്നാൽ ജോസഫ് സ്‌കറിയയുടെ ആവശ്യം കോടതി നടപടികളുടെ ദുരുപയോഗമാണെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി കോടതിയിൽ നിലപാടറിയിച്ചു. ഇക്കാര്യങ്ങൾ കോടതി പിന്നീട് പരിഗണിക്കും.

കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അധ്യാപന പരിചയംപോലും ഇല്ലാത്ത പ്രിയ വർഗീസിന് ചട്ടവിരുദ്ധമായി റാങ്ക് പട്ടികയിൽ ഒന്നാമതെത്താൻ സാധിച്ചത് സ്വജനപക്ഷപാതമെന്നു ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെ റാങ്ക് പട്ടിക മരവിപ്പിച്ച സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണ്ണർ ഉത്തരവിറക്കിയിരുന്നു.