മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. സംസ്ഥാന ആഭ്യന്തരവകുപ്പ് സര്‍ക്കാരിന് പുറത്തുള്ള അദൃശ്യ ശക്തിയാണ് ഭരിക്കുന്നതെന്നും ആരോഗ്യം, വിദ്യാഭ്യാസം, വനം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന ആഭ്യന്തര വകുപ്പും നാഥനില്ലാ കളരിയായി മാറിയെന്നും കോഴിക്കോട് ഡി.സി.സിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ രമേശ് ചെന്നിത്തല ആരോപിച്ചു.
വിജിലന്‍സ് കോടതിയുടെ വിധി ഇടതുമുന്നണി സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വലിയ തിരിച്ചടിയാണെന്ന് ചെന്നിത്തല പറഞ്ഞു. സ്വജനപക്ഷപാതത്തിനായി പോലീസിനെ പോലും ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ തെളിവാണ് എഡിജിപി എം.ആര്‍. അജിത് കുമാറിനെ വഴിവിട്ട് സഹായിക്കാന്‍ മുഖ്യമന്ത്രി എടുത്ത തീരുമാനം. അഴിമതിക്കാര്‍ക്ക് എല്ലാ ഒത്താശയും നല്‍കുന്ന സര്‍ക്കാരാണിതെന്നും, ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് അജിത് കുമാറിനെതിരായ വിജിലന്‍സ് കോടതി വിധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോക്ടര്‍ ഹാരിസിനെതിരെയുള്ള സര്‍ക്കാര്‍ നീക്കവും ഇതിന്റെ മറ്റൊരു ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ സ്വകാര്യ താല്‍പര്യങ്ങള്‍ക്കായാണ് അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് ക്ലിയറന്‍സ് നല്‍കിയത്. ഇതിന് ചിലര്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് കോടതിയുടെ കണ്ടെത്തല്‍. ഇത് ആര്‍ക്കുവേണ്ടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിക്കും പോലീസ് ഭരണത്തിനും നേരെ കോടതിയില്‍നിന്ന് അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉണ്ടായിരിക്കുന്നത്. അതീവ ഗുരുതരമായ ക്രമക്കേടും പക്ഷപാതവുമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നതെന്നും, ഈ സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും, രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനം കേരളമാണെന്നും ചെന്നിത്തല ആരോപിച്ചു. പാലാരിവട്ടം പാലത്തിന്റെ പേരില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്ത സര്‍ക്കാര്‍, മൂന്ന് പാലങ്ങള്‍ തകര്‍ന്നു വീണിട്ടും ബന്ധപ്പെട്ട മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറായിട്ടില്ല. ഈ വിഷയത്തില്‍ അടിയന്തിരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.