കരിമണല്‍ ഖനനം നടത്താന്‍ സംസ്ഥാനത്തിന്റെ തീരപ്രദേശം വിട്ടുകൊടുക്കില്ല : വി ഡി സതീശന്‍

Jaihind News Bureau
Saturday, April 12, 2025

 

കരിമണല്‍ ഖനനം നടത്താന്‍ സംസ്ഥാനത്തിന്റെ തീരപ്രദേശം വിട്ടുകൊടുക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ മാത്രമാണ് യുഡിഎഫ് ജനങ്ങളോട് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മലപ്പുറം തിരൂരില്‍ യു ഡി എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം – ബി.ജെ.പിയുടെ സഹയാത്രികരാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ലാഭക്കൊതി മാത്രം മുന്‍നിര്‍ത്തി, തികച്ചും അശാസ്ത്രീയമായ കരിമണല്‍ ഖനന നീക്കം കോടിക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം തകര്‍ക്കും. ഇതിലെ അപകടം തിരിച്ചറിയണമെന്ന് പ്രതിപക്ഷനേതാവ് ഓര്‍മ്മിപ്പിച്ചു. അനിയന്ത്രിതമായ കരിമണല്‍ ഖനനം കടലിലും കരയിലും വലിയ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് കാരണമാകും.
കടല്‍ മണല്‍ ഖനനത്തിനെതിരെയും തീരദേശ ഹൈവേ ഉള്‍പ്പടെയുള്ള മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യു ഡി എഫ് നടത്തുന്ന തീരദേശ യാത്രയുടെ മുന്നോടിയായി തിരൂരില്‍ സംഘടിപ്പിച്ച UDF കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലപ്പുറത്തെ കുറിച്ച് വിദ്വേഷ പ്രസംഗം നടത്തിയ ആള്‍ മതേതരത്വത്തിന്റെ തലതൊട്ടപ്പനാണെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചതോടെ സി.പി.എമ്മിന്റെ അധഃപതനം എവിടെ വരെ എത്തിയെന്നു വ്യക്തമായെന്നും സി.പി.എം ബി.ജെ.പിയുടെ സഹയാത്രികരാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഈ മാസം കാസര്‍കോട് നിന്ന് ആരംഭിക്കുന്ന തീരദേശ സംരക്ഷണ യാത്ര 24 ന് മലപ്പുറത്ത് പ്രവേശിക്കും.