കൊവിഡ് ധനസഹായം 4 ലക്ഷമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

Jaihind Webdesk
Saturday, November 27, 2021

തിരുവനന്തപുരം  : കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 4 ലക്ഷമായി ഉയര്‍ത്താന്‍‌ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവിന്‍റെ കത്ത്. നിലവില്‍ 50,000 രൂപയാണ് സഹായധനമായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷനേതാവിന്‍റെ കത്ത്.

കൊവിഡ് മഹാമാരിയില്‍ നട്ടം തിരിയുന്ന ജനത്തെ ഇന്ധന നികുതി കൊള്ളയിലൂടെ കൂടുതല്‍ ദുരിതത്തിലാക്കുകയും കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് സമ്മാനിക്കുകയുമാണ് കേന്ദ്രം ചെയ്യുന്നത്. ഇത്തരമൊരു ദുരിതകാലത്തും സാധാരണ ജനത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത്  അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 4 ലക്ഷമാക്കി ഉയര്‍ത്താന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യമുന്നയിച്ചു. കൊവിഡ് മരണങ്ങള്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനും അര്‍ഹരായ ഏവര്‍ക്കും സഹായം ലഭിക്കുന്നു എന്ന് ഉറപ്പാക്കാനുമായി വിശദമായ ഒരു സര്‍വേ നടത്തണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.