കൗമാരകലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു

Saturday, January 4, 2025


തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തി. കലോത്സവ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരവും അരങ്ങേറി.

പതിനൊന്നു മണിക്കു കലാമത്സരങ്ങള്‍ക്കു തുടക്കമാകും. മന്ത്രിമാരായ ജി.ആര്‍.അനില്‍, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, കലക്ടര്‍ അനുകുമാരി, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിജയമല്ല പങ്കെടുക്കലാണ് പ്രധാനപ്പെട്ട കാര്യമെന്ന് മത്സരാര്‍ഥികളോടു മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

അനന്തപുരിയിലേക്ക് എട്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം വിരുന്നെത്തുന്നത്. 2016ല്‍ തിരുവനന്തപുരത്തു നടന്ന കലോത്സവത്തില്‍ കിരീടം ചൂടിയത് കോഴിക്കോട് ജില്ലയായിരുന്നു. പാലക്കാടായിരുന്നു റണ്ണറപ്. കഴിഞ്ഞ വര്‍ഷം കൊല്ലത്തുനടന്ന സംസ്ഥാന കലോത്സവത്തില്‍ കണ്ണൂരായിരുന്നു ചാംപ്യന്‍മാര്‍. കോഴിക്കോട് രണ്ടാംസ്ഥാനത്തായിരുന്നു.

ഇത്തവണ പതിനയ്യായിരത്തോളം കുട്ടികള്‍ അഞ്ചുദിവസം മത്സരിക്കുന്ന കലാമേള 25 വേദികളിലാണ് നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നീ തദ്ദേശീയ ഗോത്രനൃത്തരൂപങ്ങള്‍ മത്സരവേദിയിലെത്തുന്ന സംസ്ഥാനകലോത്സവമാണിത്. എം.ടി.വാസുദേവന്‍നായരോടുള്ള ആദരസൂചകമായി പ്രധാനവേദിക്ക് എംടി-നിള എന്നാണ് പേരിട്ടിരിക്കുന്നത്. 8ന് വൈകിട്ട് 5 ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടൊവിനോ തോമസ് പങ്കെടുക്കും.