സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍; “കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍”; ധവളപത്രം പുറത്തിറക്കി യുഡിഎഫ്

Jaihind Webdesk
Saturday, January 28, 2023

 

തിരുവനന്തപുരം: സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം.കട്ടപ്പുറത്തെ കേരള സർക്കാർ എന്നപേരിലാണ് ധവളപത്രം. കേരളത്തിന്‍റെ ധനസ്ഥിതി അപകടകരമായ സ്ഥിതിയിൽ. 70000 കോടി രൂപ നികുതി പിരിവിലെ അനാസ്ഥ കൊണ്ട് നഷ്ടപ്പെട്ടു. തനതു വരുമാനം കുറഞ്ഞു, നികുതി പിരിവ് പരാജയപ്പെട്ടു. സംസ്ഥാനത്തിന് താങ്ങാൻ കഴിയുന്നതിന് മുകളിലേക്ക് കടം പോയി. വ്യാപക അഴിമതിയും ധൂർത്തും ധനസ്ഥിതി മോശമാക്കി. ഈ അവസ്ഥയില്‍ പോയാല്‍ കേരളത്തിന് 4 ലക്ഷം കോടി രൂപ കടമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാര്‍ കൂടുതല്‍ ഗുരുതരമായ ധനപ്രതിസന്ധിയിലേക്ക്കേരളത്തെ തള്ളി വിട്ടിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാറിന്‍റെ വികലമായ നയങ്ങള്‍ സാമ്പിത്തിക നയങ്ങള്‍ക്ക് ആക്കം കൂട്ടിയതായും ധവള പത്രത്തില്‍ പറയുന്നു.

മൂന്നിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് സംസ്ഥാനത്തെ ധന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയുള്ള യുഡിഎഫ് ധവളപത്രം. കടം കയറി കുളമായ സ്ഥിതിയിലാണ് കേരളം. ഇങ്ങനെ പോയാൽ ഭാവിയിൽ കടം നാലുലക്ഷം കോടിയിൽ എത്തും. കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30% താഴെ നിൽക്കണം. 2027 ൽ ഇത് 38.2% ആകുമെന്നാണ് ആര്‍ബിഐ പ്രവചനം. പക്ഷേ ഇപ്പോൾ തന്നെ 39.1% ആയി കഴിഞ്ഞെന്നാണ് ധവളപത്രത്തിലെ വിലയിരുത്തൽ.

അക്കൌണ്ട് ജനറലിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്തിന്‍റെ  പൊതുകടം , മൊത്തമകടം , ആളോഹരി കടം എന്നിവ കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് ഗണ്യമായി വര്‍ധിച്ചു. 2016 വരെയുള്ള സംസ്ഥാനത്തിന്‍റെ ആകെ കടബാധ്യത 1,57,370 കോടി രൂപയായിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് 3,33,592 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഒരുലക്ഷത്തി എഴുപത്തിയാറായിരം കോടിരൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു മലയാളിയുടെ ആളോഹരിക്കടം 46,078.04 രൂപയാണെന്നും ധവളപത്രത്തില്‍ പറയുന്നത്.

തിരുവനന്തപുരം കന്‍റോൺമെന്‍റ്  ഹൗസില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തു.