അദാനിക്ക് സ്തുതി പാടിയ സംസ്ഥാന സർക്കാരിനെ പ്രകീർത്തിച്ച് നരേന്ദ്രമോദി

Jaihind News Bureau
Friday, May 2, 2025

സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് നരേന്ദ്ര മോദി. ഇന്ന് നടന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടന ചടങ്ങിനിടയിലാണ് പ്രധാനമന്ത്രി അദാനിയെ പ്രകീര്‍ത്തിച്ചു കൊണ്ടും സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചു കൊണ്ടും രംഗത്ത്് എത്തിയത്. ചടങ്ങില്‍ സ്വാഗത പ്രസംഗം നടത്തിയ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍, വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് അദാനി വഹിച്ച പങ്കിനെ അഭിനന്ദിച്ച് സംസാരിച്ചിരുന്നു. തുടര്‍ന്ന് ഉദ്ഘാടന പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, അദാനിയെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ മന്ത്രി അഭിനന്ദിച്ച് സംസാരിച്ചത് സ്വാഗതാര്‍ഹമാണെന്നും മാറ്റത്തിന്റെ സൂചനയാണെന്നും പറഞ്ഞു. ഇതേത്തുടര്‍ന്നാണ് മോദി മന്ത്രിയെ അഭിനന്ദിച്ചത്.

സിപിഎമ്മിന്റെ നയമാറ്റത്തിലേക്കാണ് ഇന്നത്തെ സംഭവം വിരല്‍ ചൂണ്ടുന്നത്. സ്വകാര്യ മേഖലകളെയും സ്വകാര്യ കുത്തകളെയും പാടെ എതിര്‍ത്തിരുന്ന സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് സ്വകാര്യ മുതലാളിമാരെ അഭിനന്ദിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടി കാട്ടുന്നത്. ഇത് കേരള സര്‍ക്കാരിന്റെ നയമാറ്റ രൂപീകരണം തന്നെയാണ്. കൊല്ലത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലും ഇത്തരം നയംമാറ്റം വ്യക്തമാക്കിയുള്ള പുതിയ നയരേഖ മുഖ്യമന്ത്രി അവതരിപ്പിച്ചിരുന്നു. ആ നയരേഖയ്ക്ക് സമ്മേളനം അംഗീകാരം നല്‍കുകയും ചെയ്തു. ഇതിനു ചുവടു പിടിച്ച് പാര്‍ട്ടി കോണ്‍ഗ്രസിലും പുതിയ നയരേഖയ്ക്ക് പച്ചക്കൊടി കാട്ടിയിരുന്നു. പാര്‍ട്ടിയുടെ ഈ നിലപാടിന്റെ തുടര്‍ച്ചയാണ് ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ കണ്ടത്. വി.എന്‍ വാസവന്റെ അദാനിയെ അഭിനന്ദിച്ചു കൊണ്ടുള്ള പ്രസ്താവന ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.