തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രവാസികളെ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് രോഗികൾക്കായി പ്രത്യേക വിമാനം എന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണെന്നും പ്രവാസി വിഷയത്തിലെ മുട്ടാപ്പോക്ക് നയം സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്ന് വന്നവർക്ക് സഹായം നൽകുമെന്നത് പൊള്ളയായ വാഗ്ദാനമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
പ്രവാസികളുടെ മടക്കം എങ്ങനെ മുടക്കാം എന്നതില്‍ സംസ്ഥാന സർക്കാർ ഗവേഷണം നടത്തുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രണ്ട് ലക്ഷം പ്രവാസികള്‍ക്ക് ബെഡ് സൗകര്യമുണ്ടെന്ന് വീമ്പിളക്കിയ സർക്കാർ കേവലം അമ്പതിനായിരത്തോളം പ്രവാസികളെത്തിയപ്പോൾ തന്നെ നിലപാട് മാറ്റി. മനുഷ്യത്വമില്ലാത്ത സർക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. പ്രവാസികള്‍ക്ക് വേണ്ടി നോർക്കയും ലോക കേരള സഭയും ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികളെ നാട്ടിലേക്ക് കൊണ്ട് വന്ന് ശുശ്രൂഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് പ്രവാസികളെ തിരികെ കൊണ്ടു വരാതിരിക്കാനുള്ള ഉപായമായിട്ട് മാത്രമേ കാണാനാകൂ. മറ്റ് സംസ്ഥാനങ്ങളൊന്നും നോൺ കൊവിഡ് സർട്ടിഫിക്കറ്റ് വേണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി കേന്ദ്രത്തിന് അയച്ച കത്തിൽ ഗൾഫ് മലയാളികളുടെ കാര്യം മാത്രമാണ് പറഞ്ഞിട്ടുള്ളത്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മലയാളികളുടെ കാര്യം ആ കത്തിൽ ഇല്ല. കേന്ദ്രസർക്കാരിനും പ്രവാസികളോട് നിഷേധാത്മക സമീപനമാണുള്ളത്. പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നാളെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തും.
https://www.facebook.com/JaihindNewsChannel/videos/934048930350945/