തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് സ്തുതി പാടുന്നവർക്ക് പത്മ മാതൃകയിൽ പുരസ്കാരം നൽകാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. കലാ-സാംസ്കാരിക മേഖലയിലെ ഇടതുസഹയാത്രികർക്കാണ് ‘പുരസ്കാരം’ നല്‍കുന്നത്. ഇതിനായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാ-സാംസ്കാരിക-ചലച്ചിത്ര പ്രവർത്തകരുടെ പേരുകൾ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസ് പട്ടിക തയാറാക്കിത്തുടങ്ങി.
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ നൽകുന്ന പത്മാ പുരസ്കാരത്തിന്റെ മാതൃകയിലാണ് സംസ്ഥാനവും പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. കേന്ദ്ര സർക്കാർ അവഗണിച്ചവർക്ക് അർഹമായ പരിഗണന നൽകുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ സാംസ്കാരിക മേഖലയിലെ ഇടതുസഹയാത്രികരെ തന്നെയാണ് പട്ടികയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരുകൾ നൽകേണ്ടുന്ന ദൗത്യവും ഏൽപ്പിച്ചിരിക്കുന്നത്. അവാർഡ് സംബന്ധിച്ച് ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിൽ ചർച്ചകൾ തുടരുകയാണ്.
കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ആലോചനാ യോഗം വിശദാംശങ്ങൾ തയാറാക്കാൻ പൊതുഭരണ വകുപ്പിനെ ചുമതലപ്പെടുത്തി. ഭാരതരത്നയുടെ മാതൃകയിൽ സംസ്ഥാനത്തെ അതുല്യ പ്രതിഭയെ ആദരിക്കുന്നതും പരിഗണനയിൽ ഉണ്ട്. പുരസ്കാരത്തിനൊപ്പം ക്യാഷ് അവാർഡ് ഉണ്ടാകില്ല. സാഹിത്യം, കഥകളി, സിനിമ, ടിവി, പത്രപ്രവർത്തനം, ശാസ്ത്രം തുടങ്ങി മിക്കവാറും എല്ലാ മേഖലകളിലും സംസ്ഥാന സർക്കാർ ഇപ്പോൾ സമഗ്ര സംഭാവനയ്ക്കുള്ള രണ്ട് ലക്ഷം രൂപയുടെ അവാർഡ് നൽകുന്നുണ്ട്. ഇതിനു പുറമേയാണ് പത്മ മാതൃകയിലുള്ള ബഹുമതി. സർക്കാരിന്റെ വീഴ്ചകളില്‍ ഒരക്ഷരം മിണ്ടാതെ മുഖ്യമന്ത്രിക്ക് സ്തുതി പാടുന്നതിനാണ് പുതിയ പുരസ്കാരമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.