സർക്കാർ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയില്ല; കോന്നി മെഡിക്കല്‍ കോളേജിന് പ്രവർത്തനാനുമതി നിഷേധിച്ചു

Jaihind Webdesk
Thursday, July 21, 2022

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജിന് ആവശ്യമായ അടിസ്ഥാനസൗകര്യമൊരുക്കുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയതിനെ തുടർന്ന് മെഡിക്കല്‍ കോളേജിന്‍റെ പ്രവര്‍ത്തനാനുമതി നിഷേധിച്ചു. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ഇക്കാര്യം അറിയിച്ച്‌ പ്രിന്‍സിപ്പലിന് കത്തയച്ചു. കോളജിന് ആവശ്യമായ അടിസ്ഥാനസൗകര്യമൊരുക്കാന്‍ സര്‍ക്കാരിനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

മെഡിക്കല്‍ കോളേജ് ഇനിയും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനത്തിന് സജ്ജമാകാത്തതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ നടപടി വരുന്നത്. 2022-23 അക്കാദമിക വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും ആലോചന. ഇതിന്‍റെ ഭാഗമായി 100 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച്‌ മെഡിക്കല്‍ കോളേജിന്‍റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ദേശീയ മെഡിക്കല്‍ കമ്മീഷന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അടിസ്ഥാനസൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ മെഡിക്കല്‍ കമ്മീഷന്‍ കോളേജിന്‍റെ പ്രവര്‍ത്തനാനുമതി തടയുകയായിരുന്നു.

മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കാന്‍ വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാവശ്യമായ ക്ലാസ് മുറികളോ ലൈബ്രറിയോ മറ്റ് സംവിധാനങ്ങളോ ഇല്ല. വലിയ കെട്ടിടങ്ങള്‍ പണിതതല്ലാതെ മറ്റ് സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്നും മെഡിക്കല്‍ കമ്മീഷന്‍ പ്രിന്‍സിപ്പലിന് അയച്ച കത്തില്‍ സൂചിപ്പിച്ചു. പോരായ്മകള്‍ പരിഹരിച്ചാല്‍ വീണ്ടും പരിശോധന നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും അറിയിച്ചിട്ടുണ്ട്.

2013 ലാണ് അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ കോന്നി മെഡിക്കല്‍ കോളേജ് നിര്‍മാണം തുടങ്ങുന്നത്. 36 മാസത്തിനകം പണി പൂര്‍ത്തിയാക്കി പ്രവേശനം നടത്താനായിരുന്നു ലക്ഷ്യം. ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കിയെങ്കിലും തുടർന്ന് 2016ൽ അധികാരത്തിലെത്തിയ ഇടതുസർക്കാരിന്‍റെ കെടുകാര്യസ്ഥത മൂലം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനമാരംഭിക്കാനായിട്ടില്ല. 2020 സെപ്റ്റംബര്‍ 14നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചത്. ഒ.പി മുതല്‍ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ വരെ ഉടന്‍ സജ്ജീകരിക്കുമെന്ന് തെരഞ്ഞെടുപ്പിനുമുമ്പ് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചെങ്കിലും രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒ.പി അല്ലാതെ മറ്റ് ചികിത്സാസൗകര്യങ്ങളൊന്നും ഇവിടെയില്ല.