മൂന്ന് മന്ത്രിമാരുടെ സ്റ്റാഫ് എണ്ണം കൂട്ടി; സജി ചെറിയാന്‍റെ സ്റ്റാഫ് അംഗങ്ങളെ സംരക്ഷിച്ച് നടപടി

Jaihind Webdesk
Thursday, July 28, 2022

തിരുവനന്തപുരം: എല്‍ഡിഎഫ് നയത്തിന് വിരുദ്ധമായി സംസ്ഥാനത്തെ മൂന്ന് മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കൂട്ടി. ഭരണഘടനാ വിരുദ്ധ പ്രസ്താവനയുടെ പേരിൽ മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാന്‍റെ സ്റ്റാഫ് അംഗങ്ങളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. സജി ചെറിയാന്‍റെ വകുപ്പുകൾ വിഭജിച്ച് നൽകിയ വി.എൻ വാസവൻ, പി.എ മുഹമ്മദ് റിയാസ്, വി അബ്ദുറഹിമാൻ എന്നിവരുടെ പേഴ്സണൽ സ്റ്റാഫിലേക്കാണ് എല്‍ഡിഎഫ്  നയത്തിന് വിരുദ്ധമായി ഇവരെ നിയമിച്ചത്. ഇവർക്ക് പെൻഷൻ ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് ആക്ഷേപമുണ്ട്.

വിവാദത്തെ തുടർന്ന് സജി ചെറിയാൻ രാജിവെച്ചതിനു പിന്നാലെ പേഴ്സണൽ സ്റ്റാഫിനെ പിരിച്ചുവിട്ടിരുന്നു. പുതിയ നിയമനത്തോടെ മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ പേഴ്സണല്‍ സ്റ്റാഫുകളെ എണ്ണം 29 ആയി. മന്ത്രി വി.എൻ‌ വാസവന്‍റെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 30 ആയും ഉർന്നു. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽ പരമാവധി 25 പേരേ പാടുള്ളൂ എന്നാണ് എൽഡിഎഫ് നയത്തിന് വിരുദ്ധമായാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ധനമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പോലും 19 പേർ മാത്രമാണെന്നിരിക്കെയാണ് നടപടി.