സ്പ്രിങ്ക്ളര്‍ കരാര്‍ റദ്ദാക്കണം; കേരളത്തിലെ ജനങ്ങളെ സർക്കാർ കബളിപ്പിച്ചു: കെ.എസ് ശബരീനാഥന്‍ എം.എല്‍.എ

Jaihind News Bureau
Saturday, April 18, 2020

തിരുവനന്തപുരം:  സ്പ്രിങ്ക്ളർ കരാർ സർക്കാർ റദ്ദാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് ശബരീനാഥൻ എം.എൽ.എ. വിഷയത്തിൽ ഐ.ടി സെക്രട്ടറിയുടെ വിശദീകരണം പ്രതിപക്ഷ ആരോപണങ്ങൾ ശരിവെക്കുന്നതാണ്. അമേരിക്കൻ കമ്പനിക്ക് ഡിജിറ്റലായി ഒപ്പ് അയച്ചുവെന്നത് ഗുരുതരമായ പിഴവാണ്.  പത്ര സമ്മേളനം നടത്തേണ്ടത് ഐ.ടി സെക്രട്ടറിയല്ല മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമ വ്യവസ്ഥിതിയെ തന്നെ അവഹേളിച്ചിരിക്കുകയാണ് ഐ.ടി സെക്രട്ടറി. മുഖ്യമന്ത്രിയുടേയും ഐ.ടി സെക്രട്ടറിയുടേയും പ്രതികരണങ്ങളിൽ വൈരുദ്ധ്യമുണ്ട്. കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പിന്നീട് ഉണ്ടാക്കുകയാണ് ചെയതത്. ഇതിലൂടെ കേരളത്തിലെ ജനങ്ങളെ സർക്കാർ കബളിപ്പിക്കുകയാണ് ചെയ്തത്. ഐ.ടി സെക്രട്ടറിക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാൻ കഴിയുന്ന വിഷയമല്ല ഇത്.

കേരള മുഖ്യമന്ത്രിയെയാണോ ഐ.ടി സെക്രട്ടറിയെയാണോ വിശ്വസിക്കേണ്ടതെന്നതില്‍ സർക്കാർ തന്നെ വ്യക്തത നൽകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശബരീനാഥന്‍ എം.എല്‍.എ.