കൊച്ചി : ഡോളർ കടത്ത് കേസിൽ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന് ഇന്ന് ഹാജരാകില്ല. ഇന്ന് രാവിലെ 11 മണിക്ക് ചെയ്യലിനായി കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാണമെന്ന് കാട്ടി കസ്റ്റംസ് ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകിയിരുന്നു. അസുഖമായതിനാല്‍ എത്തില്ലെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.
ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ മുതൽ ആരോപണ വിധേയനായ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കഴിഞ്ഞ മാസം 31 നാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയത്. കേസിൽ ശ്രീരാമകൃഷ്ണന് നേരിട്ട് പങ്കുണ്ടെന്ന് സ്വപ്നാ സുരേഷ് കസ്റ്റംസിന് നൽകിയ മൊഴിപകർപ്പ് നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കസ്റ്റംസ് സ്പീക്കറോട് മാർച്ച് 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ തിരക്ക് ആയതിനാൽ ഹാജരാകാൻ കഴിയില്ല എന്നാണ് പി ശ്രീരാമകൃഷ്ണൻ അന്ന് കസ്റ്റംസിനെ അറിയിച്ചത്. ഇപ്പോള്‍ അസുഖമെന്നാണ് വിശദീകരണം.
നേരത്തെ സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സ്പീക്കർ നടത്തിയ വിദേശയാത്രകൾ അടക്കമുള്ളവയുടെ വിവരങ്ങളും അന്വേഷണം സംഘം ശേഖരിച്ചിരുന്നു. സ്പീക്കർക്ക് ഡോളർ കടത്ത് കേസിൽ കൃത്യമായ പങ്കുണ്ടെന്ന വാർത്ത നേരത്തെ പുറത്ത് വന്നപ്പോൾ ശ്രീരാമകൃഷ്ണനും സർക്കാറും ഇത് നിഷേധിച്ചിരുന്നു. എന്നാൽ സ്വപ്നയുടെ മൊഴി പകർപ്പ് പുറത്ത് വന്നതോടെ സർക്കാർ തീർത്തും പ്രതിരോധത്തിലാവുകയായിരുന്നു. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പി ശ്രീരാമകൃഷ്ണൻ ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. നിർണായകമായ തെളിവുകളുടെയും വിവരത്തിൻ്റെയും അടിസ്ഥാനത്തില്‍ പി ശ്രീരാമകൃഷ്ണനെ മൂന്നാം തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാല്‍ ഇത്തവണയും ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറിയിരിക്കുകയാണ് സ്പീക്കർ.