അഴിമതിയുടെ പ്രഭവകേന്ദ്രം ക്ലിഫ് ഹൗസ് ; ക്യാമറകള്‍ ഇടിവെട്ടിപ്പോയതല്ല, നശിപ്പിച്ചത്: രമേശ് ചെന്നിത്തല | VIDEO

Jaihind News Bureau
Monday, October 12, 2020

 

തിരുവനന്തപുരം: സംസ്ഥാനത്തെ  അഴിമതിയുടെ പ്രഭവകേന്ദ്രം ക്ലിഫ് ഹൗസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതികള്‍ക്കെല്ലാം നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രിയാണ്. ഒരു നിമിഷംപോലും  അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും സെക്രട്ടേറിയറ്റിനു മുന്നില്‍ യുഡിഎഫിന്‍റെ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

അനുദിനം കള്ളം പറയുകയാണ് മുഖ്യമന്ത്രി. പറയാനൊന്നുമില്ലാത്തതു കൊണ്ടും ചെയ്ത് കുടുങ്ങിയത് കൊണ്ടുമാണ് സിപിഎം പ്രതിനിധികൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കാത്തത്. ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാൻ സിപിഎമ്മിനാകില്ല. എത്ര ചർച്ചകള്‍ ബഹിഷ്കരിച്ചാലും സർക്കാരിനെതിരായ അഴിമതികള്‍ ഒന്നൊന്നായി പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതികളുടെ പ്രഭവകേന്ദ്രം ക്ലിഫ് ഹൗസാണ്. ക്ലിഫ് ഹൗസിൽ ഇടിവെട്ടി എല്ലാം നശിച്ചെന്ന്‌ മുഖ്യമന്ത്രി മുൻകൂർ ജാമ്യം എടുക്കുകയാണുണ്ടായത്. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടത് ക്ലിഫ് ഹൗസില്‍വെച്ചാണ്. കൂടെ എം. ശിവശങ്കറുമുണ്ടായിരുന്നു.  ശിവശങ്കറിനെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണ്. ആറ് തവണ മുഖ്യമന്ത്രി എന്തിനാണ് സ്വപ്നയെ കണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.  ക്ലിഫ് ഹൗസിലെ സിസിടിവി ക്യാമറകള്‍ ഇടിവെട്ടിപ്പോയതല്ല, നശിപ്പിച്ചതാണ്. അഴിമതിക്കും കൊള്ളയ്ക്കും നേതൃത്വം നൽകുന്ന മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/3362636580468839