ന്യൂഡല്‍ഹി: ജനാധിപത്യ ശക്തികള്‍ സ്വേച്ഛാധിപത്യ ശക്തികളെ പരാജയപ്പെടുത്തുമ്പോള്‍ മാത്രമേ ജനാധിപത്യത്തിന്റെ ഉത്സവം വിജയകരമാകൂവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മറ്റൊരു 5 വര്‍ഷത്തേക്ക് അനീതിയുടെയും അടിച്ചമര്‍ത്തലിന്റെയും അസമത്വത്തിന്റെയും ചെളിക്കുണ്ടിലേക്ക് തള്ളിവിടുമോ അതോ ശോഭനവും മികച്ചതും നീതിയുക്തവുമായ ഒരു ഭാവി സൃഷ്ടിക്കുമോ എന്ന് ജനങ്ങള്‍ ചിന്തിക്കണമെന്ന് ഖാര്‍ഗെ എക്സില്‍ കുറിച്ചു. ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഖാര്‍ഗെ ജനങ്ങളോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തിലാണ്. ഇന്ത്യ സഖ്യം ഏകാധിപത്യ ശക്തികളോട് ധൈര്യത്തോടെ പോരാടുകയാണ്. ഓരോ ഘട്ടത്തിലും പൊതുസമൂഹം ഇന്ത്യ സഖ്യത്തിനൊപ്പം ഉറച്ചുനിന്നു. ആറ് ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ ഇന്ത്യ സഖ്യത്തിന്റെ വിജയം കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എക്സില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടി നല്കിയ ഉറപ്പ് പൂര്‍ത്തീകരിക്കുന്നത് കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു.
കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍ക്ക് ജനങ്ങള്‍ പിന്തുണയും സഹകരണവും നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍, യുവാക്കള്‍, തൊഴിലാളികള്‍, സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ ഭാവിയെക്കുറിച്ച് ചിന്തിച്ച് വേണം ഏഴാം ഘട്ടത്തിലും വോട്ട് ചെയ്യാനെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഭരണഘടനയുണ്ടെങ്കില്‍ മൗലികാവകാശങ്ങള്‍ നിലനില്ക്കും. മാറ്റത്തിനായി വോട്ട് ചെയ്യുന്നതിലൂടെ , സന്തോഷകരമായ തുടക്കമായിരിക്കുമെന്നും രാജ്യത്തെ അവസ്ഥ മാറാന്‍ പോകുകയാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.