പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം

Jaihind Webdesk
Thursday, July 22, 2021

Kerala-Niyama-sabha

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് ആരംഭിക്കും. സമ്പൂർണ്ണ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഇത്തവണയും സമ്മേളന നടപടികൾ നടക്കുന്നത്. 20 ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ രണ്ടാം പിണറായി സർക്കാരിനെതിരെ ഉയർന്ന വിവാദങ്ങൾ സഭയിൽ പ്രതിപക്ഷം ആയുധമാക്കും.

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ 2021-22 വര്‍ഷത്തെ ബഡ്ജറ്റിലെ ധനാഭ്യര്‍ത്ഥനകളിേന്മേല്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ നടത്തിയ സൂക്ഷ്മ പരിശോധനയെത്തുടര്‍ന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളിേന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് പ്രധാനമായും നടക്കുക. 20 ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ 4 ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായാണ് നീക്കിവെച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുള്ള സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സഭ പരിഗണിക്കും. 2021-22 വര്‍ഷത്തേക്കുള്ള ഉപധനാഭ്യര്‍ത്ഥകളുടെ ചര്‍ച്ചയ്ക്കും ബഡ്ജറ്റിലെ ധനാഭ്യര്‍ത്ഥനകളിേന്മേലുള്ള ധനവിനിയോഗ ബില്ലിന്‍റെ പരിഗണനയ്ക്കും വേണ്ടിയും ഓരോ ദിവസങ്ങള്‍ മാറ്റി വെച്ചിട്ടുള്ളത് . 2021-ലെ കേരള ധനകാര്യബില്ലുകളുടെ (രണ്ടെണ്ണം) പരിഗണനയ്ക്കായുള്ള സമയം കൂടി ഈ സമ്മേളന കാലത്ത് കണ്ടെത്തും . സര്‍ക്കാരിന് നിര്‍വ്വഹിക്കേണ്ട നിയമനിര്‍മ്മാണം ഏതെങ്കിലും ഉണ്ടെങ്കില്‍ അതിനു വേണ്ടിയും അധിക സമയം ഈ സഭാ സമ്മേളനത്തിൽ നീക്കിവയ്ക്കും. സഭാ നടപടികൾ പൂർത്തീകരിച്ച് ഓഗസ്റ്റ് 18ന് സഭ പിരിയും.

അതേസമയം മരംമുറി വിവാദവും, സ്ത്രീപീഡന പരാതി ഒത്തുതീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടതും രണ്ടാം പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം സഭയിൽ ആയുധമാക്കും. ഇന്ന് സഭ ആരംഭിക്കുമ്പോൾ ഭരണപക്ഷത്ത് മന്ത്രി എ കെ ശശീന്ദ്രൻ ഉണ്ടെങ്കിൽ സഭയിൽ പ്രതിഷേധം ഉയരുമെന്ന് പ്രതിപക്ഷ വെല്ലുവിളി പിണറായി സർക്കാർ ഏറ്റെടുക്കുമോ എന്ന് തന്നെയായിരിക്കും കേരളം ഉറ്റുനോക്കുന്നത്. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ ഈ വിഷയങ്ങളിൽ സഭയ്ക്കു് അകത്തും പുറത്തും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാൻ തന്നെയാണ് പ്രതിപക്ഷത്തിന് തീരുമാനം.