രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Jaihind Webdesk
Thursday, May 20, 2021

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങിലാണ് 21 അംഗ ഇടതുമുന്നണി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്.

വൈകിട്ട് 3.35-ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ സത്യവാചകം ചൊല്ലി അധികാരമേറ്റു. തുടര്‍ന്ന് കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍ കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്‍റണി രാജു, വി അബ്ദുറഹിമാന്‍. ജി.ആര്‍ അനില്‍, കെ.എന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എം.വി ഗോവിന്ദന്‍, പി.എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി.എന്‍ വാസവന്‍, വീണാ ജോര്‍ജ് എന്ന ക്രമത്തില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി 54 ഗായകര്‍ അണിചേര്‍ന്ന വെര്‍ച്വല്‍ സംഗീതാവിഷ്‌കാരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ തെളിഞ്ഞു. കെ.ജെ യേശുദാസ്, എ.ആര്‍ റഹ്‌മാന്‍, ഹരിഹരന്‍, പി ജയചന്ദ്രന്‍, കെ.എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്‍, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, മോഹന്‍ലാല്‍, ജയറാം, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസ്സി, ഉണ്ണിമേനോന്‍, ശ്രീനിവാസ്, ഉണ്ണികൃഷ്ണന്‍, വിജയ് യേശുദാസ്, മധുബാലകൃഷ്ണന്‍, ശ്വേതാമോഹന്‍, ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ശരത്, ബിജിബാല്‍, രമ്യാനമ്പീശന്‍, മഞ്ജരി, സുധീപ്കുമാര്‍, നജിം അര്‍ഷാദ്, ഹരിചരണ്‍, മധുശ്രീ, രാജശ്രീ, കല്ലറ ഗോപന്‍, അപര്‍ണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണന്‍, രഞ്ജിനി ജോസ്, പി കെ മേദിനി, മുരുകന്‍ കാട്ടാക്കട എന്നിവര്‍ ആല്‍ബത്തിന്‍റെ ഭാഗമായി. മമ്മൂട്ടി സമര്‍പ്പാവതരണം നടത്തി.  സംവിധായകന്‍ ടി.കെ. രാജീവ്കുമാറാണ് ആശയാവിഷ്‌കാരം. രമേശ് നാരായണനാണ് സംഗീതം നല്‍കിയത്.

കോവിഡ് പ്രൊട്ടോക്കോള്‍ പാലിക്കുന്നതിന്‍റെ ഭാഗമായി പ്രതിപക്ഷം വെര്‍ച്വലായാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇക്കാര്യം നേരത്തെ തന്നെ യുഡിഎഫ് വ്യ്കതമാക്കിയിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനില്‍ ഗവര്‍ണറുടെ ചായസത്കാരത്തില്‍ പങ്കെടുക്കും. ശേഷം 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം നടക്കും.

 

മന്ത്രിമാരും വകുപ്പുകളും :

പിണറായി വിജയന്‍                  –  ആഭ്യന്തരം, ഐടി, പൊതുഭരണം

എം.വി ഗോവിന്ദന്‍                    –   എക്‌സൈസ്, തദ്ദേശം

കെ.രാധാകൃഷ്ണന്‍                   –   ദേവസ്വം, പാര്‍ലമെന്‍ററി കാര്യം, പിന്നാക്കക്ഷേമം

കെ.എന്‍.ബാലഗോപാല്‍         –   ധനകാര്യം

പി രാജീവ്                                      –   വ്യവസായം, നിയമം

വി.എന്‍ വാസവന്‍                    –  സഹകരണം, രജിസ്‌ട്രേഷന്‍

വി ശിവന്‍കുട്ടി                            –  പൊതുവിദ്യാഭ്യാസം, തൊഴില്‍

ആര്‍ ബിന്ദു                                    –  ഉന്നതവിദ്യാഭ്യാസം

വീണാ ജോര്‍ജ്                             –  ആരോഗ്യം, വനിതാ ശിശുക്ഷേമം

പി.എ മുഹമ്മദ് റിയാസ്       –  പൊതുമരാമത്ത്, ടൂറിസം

സജി ചെറിയാന്‍                        –  ഫിഷറീസ്, സാംസ്‌കാരികം, സിനിമ

വി അബ്ദുറഹ്മാന്‍                     –  സ്‌പോര്‍ട്‌സ്, ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യം

റോഷി അഗസ്റ്റിന്‍                      –  ജലവിഭവം

കെ കൃഷ്ണന്‍കുട്ടി                   –  വൈദ്യുതി

എ.കെ ശശീന്ദ്രന്‍                        –  വനം

ആന്‍റണി രാജു                             –  ഗതാഗതം

അഹമ്മദ് ദേവര്‍കോവില്‍   –  തുറമുഖം, മ്യൂസിയം

കെ രാജന്‍                                    –  റവന്യൂ

പി പ്രസാദ്                                  –  കൃഷി

ജി.ആര്‍ അനില്‍                        –   ഭക്ഷ്യം, സിവില്‍ സപ്ലൈസ്

ജെ ചിഞ്ചുറാണി                       –  മൃഗസംരക്ഷണം, ക്ഷീരവികസനം, ലീഗല്‍ മെട്രോളജി