പ്രവാസികളുമായി ദുബായില്‍ നിന്നുള്ള രണ്ടാം വിമാനം കണ്ണൂരിലിറങ്ങി; രണ്ട് പേർക്ക് രോഗ ലക്ഷണങ്ങള്‍

Jaihind News Bureau
Monday, May 18, 2020

 

കണ്ണൂർ : പ്രവാസികളുമായി ദുബായില്‍ നിന്നുള്ള രണ്ടാം വിമാനവും കണ്ണൂരില്‍ എത്തി. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ഇറങ്ങിയ എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ 181 യാത്രക്കാരാണുണ്ടായിരുന്നത്. ദുബായില്‍ നിന്നെത്തിയ വിമാനയാത്രികരില്‍ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ടു പേരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു കണ്ണൂര്‍ സ്വദേശിയെയും ഒരു കാസര്‍ഗോഡ് സ്വദേശിയെയുമാണ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയത്.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ എത്തിയ എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ നാല് കൈക്കുഞ്ഞുങ്ങളുള്‍പ്പെടെ 181 യാത്രക്കാരാണുണ്ടായിരുന്നത്. കണ്ണൂർ ജില്ലയില്‍ നിന്നുള്ള  127 പേരും, കാസർഗോഡ് ജില്ലയിലെ 58 യാത്രക്കാരും ഇതിൽ ഉൾപ്പെടുന്നു. ജില്ലയിലെ കൊറോണ കെയര്‍ സെന്‍ററുകളിലും മറ്റു ജില്ലകളിലും പോകേണ്ടവരെ പ്രത്യേക വാഹനങ്ങളിലാണ് യാത്രയാക്കിയത്. ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സജ്ജമാക്കിയിരുന്നു. വിമാനയാത്രികരില്‍ നടത്തിയ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ടുപേരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു കണ്ണൂര്‍ സ്വദേശിയെയും ഒരു കാസര്‍ഗോഡ് സ്വദേശിയെയുമാണ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയത്.

കണ്ണൂര്‍ സ്വദേശികളെ അഞ്ച് ബസുകളിലും കാസര്‍ഗോഡ് സ്വദേശികളെ രണ്ട് ബസുകളിലും കോഴിക്കോട്, മാഹി സ്വദേശികളെ ഒരു ബസിലുമായാണ് യാത്ര അയച്ചത്. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസിനു താഴെയുള്ള കുട്ടികള്‍, 75നു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെ സ്വന്തം വാഹനങ്ങളിലും എയര്‍പോര്‍ട്ടിലെ പ്രീപെയ്ഡ് ടാക്സികളിലുമായി വീടുകളിലേക്ക് വിട്ടു. സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്. എയറോഡ്രോമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ഇതിനായി ആരോഗ്യ വകുപ്പിന്‍റെ അഞ്ച് പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. ഇവിടെ വെച്ച് ഓരോരുത്തരെയും ആരോഗ്യ പരിശോധന നടത്തി.

രണ്ടു പേര്‍ക്കുകൂടി കണ്ണൂരിൽ ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. മെയ് ആറിന് ചെന്നൈയില്‍ നിന്നെത്തിയ പാട്യം സ്വദേശിയായ 24കാരനും മെയ് 13ന് മുംബൈയില്‍ നിന്നെത്തിയ മാലൂര്‍ തോലമ്പ്ര സ്വദേശി 27 കാരനുമാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് മെയ് 15ന് സ്രവ പരിശോധനയ്ക്ക് വിധേയരായത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 123 ആയി. ഇതില്‍ 118 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ കൊറോണ ബാധ സംശയിച്ച് 5,240 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.