തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സർക്കാർ പൂഴ്ത്തിവെക്കുകയും ഭാഗികമായി പുറത്തുവിടുകയും ചെയ്തത് സിനിമാ വ്യവസായ മേഖലയെ മുഴുവൻ കരിനിഴലിൽ ആക്കിയെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഹേമ കമ്മീഷൻ റിപ്പോർട്ടിലെ വിവാദങ്ങൾ കൊണ്ട് സർക്കാരിനെതിരായ ജനവികാരത്തെ മാറ്റിയെടുക്കാനുളള പ്രത്യേക അജണ്ട സൃഷ്ടിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ആർവൈ എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരള സൈക്കിൾ റൈഡേഴ്സ് സംഗമം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ച് ലഭിച്ച അന്വേഷണ റിപ്പോർട്ട് ഭാഗികമായി പൂഴ്ത്തിവെക്കുന്നതിന്‍റെ പിന്നിലെ തിരക്കഥ താമസിയാതെ പുറത്തുവരും. ഇരകൾ ആക്കപ്പെട്ടവർക്ക് നിയമപരമായ പ്രതിവിധികൾ ഉറപ്പാക്കാനല്ല സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇരകളാകപ്പെട്ടവരുടെ പരാതി ലഭിച്ചാലേ നടപടി എടുക്കുകയുള്ളുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യവും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരുന്നതിനു പകരം സിനിമാ മേഖലയെ മുഴുവൻ സംശയത്തിന്‍റെ നിഴലിൽ നിർത്തി യഥാർത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. ഭാഗികമായെങ്കിലും റിപ്പോർട്ട് പുറത്തുവിടാൻ 4 വർഷങ്ങൾക്ക് ശേഷം ഹൈക്കോടതിയുടെയും വിവരാവകാശ കമ്മീഷണറുടെയും ഇടപെടലുകൾ വേണ്ടിവന്നു എന്നത് പിണറായി സർക്കാരിന്‍റെ സ്ത്രീ സുരക്ഷയിലുള്ള മനോഭാവമാണ് വെളിവാക്കുന്നതെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി. പാർട്ടി പണം മോഷ്ടിച്ചാൽ നടപടിയും സർക്കാരിന്‍റെ പണം മോഷ്ടിച്ചാൽ സംരക്ഷണവും എന്ന നയമാണ് കെറ്റിഡിസി ചെയർമാൻ പി.കെ. ശശിയുടെ വിഷയത്തിലെ സിപിഎം നിലപാടിൽ നിന്നും വെളിവാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പൊതുജനമധ്യത്തിൽ കരിവാരി തേക്കാൻ ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിൽ കാണിച്ച അനാവശ്യ തിടുക്കവും പ്രചാരണങ്ങളും ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ടാകാതെ പോകുന്നതാണ് പിണറായി സർക്കാരിന്‍റെ ഇരട്ട നീതിയെന്ന് ചടങ്ങിൽ സംസാരിച്ച എൻ.കെ. പ്രേമചന്ദ്രൻ എംപിയും പറഞ്ഞു.