ഹർഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയക്കിടെ തന്നെ; പോലീസ് അന്വേഷണ റിപ്പോര്‍ട്ട്

Jaihind Webdesk
Monday, July 24, 2023

 

കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജില്‍ നടത്തിയ ശസ്ത്രക്രിയക്കിടയിലാണെന്ന് കണ്ടെത്തി. അന്വേഷണം പൂർത്തിയാക്കിയ പോലീസ്, രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് അന്വേഷണ റിപ്പോർട്ട്‌ നൽകി. മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ മൂന്നാം പ്രസവത്തിൽ ആയിരുന്നു കത്രിക കുടുങ്ങിയത്. പോലീസ് അന്വേഷണ റിപ്പോർട്ട്‌ ജില്ലാ തല ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. തുടർ നടപടികൾക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കണം എന്നും നിർദേശം ഉണ്ട്. അടുത്ത മാസം ഒന്നിന് മെഡിക്കൽ ബോർഡ് ചേരും.

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി 5 വർഷമാണ് ഹർഷിന വേദന സഹിച്ചു ജീവിച്ചത്. 2012 നവംബർ 23, 2016 മാർച്ച് 15 എന്നീ തീയതികളിൽ താമരശേരി ഗവണ്‍മെന്‍റ് ആശുപത്രിയിലായിരുന്നു ഹർഷിനയുടെ ആദ്യ 2 പ്രസവ ശസ്ത്രക്രിയകൾ നടന്നത്. 2017 നവംബർ 30ന് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു മൂന്നാമത്തെ പ്രസവം. ശസ്ത്രക്രിയയ്ക്ക് ശേഷം അമിതമായ വേദന അനുഭവപ്പെട്ടിരുന്നു. 2022 സെപ്റ്റംബർ 13 ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ സിടി സ്കാൻ പരിശോധനയിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി വ്യക്തമായത്. സെപ്റ്റംബർ 17 ന് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക ഹർഷിനയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത്.

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 26 ന് ആണ് ഹർഷിന സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണർ കെ സുദർശന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗത്തിലെ 2 വകുപ്പു മേധാവികൾ എന്നിവരെ പ്രതിചേർത്താണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. 5 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി. അടുത്ത മാസം ഒന്നിന് മെഡിക്കല്‍ ബോർഡ് ചേരും. ഡിഎംഒ ചെയർമാനായ സമിതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ, പബ്ലിക് പ്രോസിക്യൂട്ടർ, ഗൈനക്കോളജിസ്റ്റ്, അനസ്തിസ്റ്റ്, മെഡിസിൻ, സർജറി, ഫൊറൻസിക് മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാർ അംഗങ്ങളായിരിക്കും. സംഭവത്തിൽ നീതി തേടി ഹർഷിന മെഡിക്കൽ കോളേജിനു മുമ്പിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 63 ദിവസം പിന്നിട്ടു.