
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടപടിയെടുത്തത് തങ്ങളാണെന്നും വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം. സര്‍ക്കാരിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നുമാണ് വോട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബോധപൂര്‍വ്വം മറച്ചുവെക്കുന്ന ചില വസ്തുതകളുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇപ്പോഴും ജയിലില്‍ കിടക്കുന്നത് സിപിഎമ്മിന്റെ പ്രമുഖ നേതാക്കളാണ്. എന്‍ വാസുവിനെയും, എ പദ്മകുമാറിനെയും അങ്ങനെ പെട്ടെന്ന് മറക്കാന്‍ സിപിഎമ്മിന് കഴിയില്ല. എന്നു മാത്രമല്ല, ഈ പ്രമുഖരെ തള്ളിപ്പറയാനോ അവര്‍ക്കെതിരെ ഒരു നടപടിയെടുക്കാനോ പോലും സിപിഎമ്മും മുഖ്യമന്ത്രിയും തയ്യാറായിട്ടില്ല. ആ മുഖ്യമന്ത്രിയാണ് വിശ്വാസികള്‍ക്കൊപ്പമാണ് തങ്ങളെന്ന മേനിപറച്ചിലുമായി രംഗത്ത് വരുന്നത്.
സ്വര്‍ണക്കൊള്ളയില്‍ സുതാര്യമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷവും പൊതുസമൂഹവും ആവശ്യപ്പെട്ടിട്ടും കള്ളക്കളി തുടരുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. ഹൈക്കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് എങ്കിലും സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരാണ് ഈ സംഘത്തിലുള്ളത്. സ്വര്‍ണക്കൊള്ളയിലെ അന്താരാഷ്ട്ര ബന്ധം ചൂണ്ടിക്കാട്ടി മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മൊഴി നല്‍കാമെന്ന് പറഞ്ഞിട്ടും എസ്‌ഐടി സംഘം മൊഴിയെടുക്കാന്‍ കൂട്ടാക്കിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന ആക്ഷേപം. മാത്രവുമല്ല അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോയാല്‍ സിപിഎമ്മിന്റെ പ്രധാനപ്പെട്ട നേതാക്കളിലേക്ക് അന്വേഷണം എത്തുമോ എന്നും സിപിഎം ഭയപ്പെടുകയാണ്. അപ്പോഴാണ് ഇന്ന് വിശ്വാസികളെ കബളിപ്പിക്കുന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി വീണ്ടും രംഗത്ത് വന്നത്.