INDIGO PROTEST | പിണറായി വിജയനെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച അദ്ധ്യാപകനോടുള്ള ഭരണകക്ഷി പക തുടരുന്നു; വാര്‍ഷിക ഇന്‍ക്രിമെന്റ് തടഞ്ഞ് പ്രതികാര നടപടി

Jaihind News Bureau
Wednesday, July 23, 2025

മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും അദ്ധ്യാപകനുമായ ഫര്‍സിന്‍ മജീദിനെതിരെ വീണ്ടും നടപടി. വിദ്യാഭ്യാസ വകുപ്പാണ് നടപടി എടുത്തത്. ഫര്‍സിന്‍ മജീദിന്റെ വാര്‍ഷിക ഇന്‍ക്രിമെന്റ് തടയാനുള്ള ഉത്തരവ് ഇറങ്ങി. വിദ്യാഭ്യാസ വകുപ്പ് ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവം നടന്ന് മൂന്നു വര്‍ഷത്തിന് ശേഷമാണ് വീണ്ടും അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ ചുമതലപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് കേസ്സെടുത്തെങ്കിലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല ഫര്‍സിന്‍ മജീദിനെതിരായ നടപടി രാഷ്ട്രീയ പകപോക്കലെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചുവെന്നതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും അദ്ധ്യാപകനുമായ ഫര്‍സീന്‍ മജീദിനെതിരെ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന രാഷ്ട്രീയ പ്രേരിത നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കള്ളക്കേസില്‍ ഫര്‍സീനെ പ്രതി ചേര്‍ത്തുവെന്നല്ലാതെ കുറ്റം തെളിയിക്കപ്പെടുകയോ കോടതി ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. മുട്ടന്നൂര്‍ യു.പി. അദ്ധ്യാപകനായ ഫര്‍സിന്‍ മജീദിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി എടുത്തത് ഭരണകക്ഷി നേതാക്കളുടെ ഉന്നത ഇടപെടലിലും സമ്മര്‍ദ്ദത്തിലുമാണെന്ന് വ്യക്തമാണ്. ഫര്‍സീനെതിരായ നടപടികളെ ശക്തമായി പ്രതിരോധിക്കുമെന്നും നിയമപരമായി വേണ്ട പിന്തുണ നല്‍കുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പ്രസ്താവനയില്‍ വ്യക്തമാക്കി.