പച്ചക്കറി ലോറിയില്‍ നിന്നു വീണ കയർ കുരുങ്ങി; കോട്ടയത്ത് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

Jaihind Webdesk
Sunday, July 16, 2023

 

കോട്ടയം: പച്ചക്കറി ലോറിയിൽ നിന്ന് റോഡിലേക്ക് വീണ കയർ ദേഹത്ത് കുരുങ്ങി കാൽനട യാത്രികന് ദാരുണാന്ത്യം. കോട്ടയത്ത് സംക്രാന്തി നീലിമംഗലം പാലത്തിന് സമീപം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
സംക്രാന്തിയിലെ തോംസൺ ഡ്രൈ ക്ലീൻ കടയിലെ ജീവനക്കാരൻ കട്ടപ്പന സ്വദേശി മുരളി (55) യാണ് മരിച്ചത്. അപകടത്തെ തുടർന്ന് മൃതദേഹത്തിൽ നിന്ന് അറ്റുപോയ കാൽ റോഡിന് മറുവശത്താണ് കാണപ്പെട്ടത്. മൃതദേഹവും വലിച്ചുകൊണ്ട് ലോറി കുറച്ച് ദൂരം മുന്നോട്ടു പോയതിന്‍റെ ലക്ഷണങ്ങളും ഉണ്ട്.

ഈ സമയം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്കും കയർ കുരുങ്ങി പരിക്കേറ്റു. ഏറ്റുമാനൂർ ക്ഷേത്രത്തിൽ ദർശനത്തിനായി പോകുകയായിരുന്ന പെരുമ്പായിക്കാട് ഇളയിടത്ത് ബിജു (50), ജോബി (45) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അപകട സമയത്ത് നിർത്താതെ പോയ ലോറി മാറ്റിയിട്ടതിനു ശേഷം കയർ എടുക്കുന്നതിനായി എത്തിയ ഡ്രൈവറെ നാട്ടുകാർ പിടികൂടി ഗാന്ധിനഗർ പോലീസിന് കൈമാറി.