ന്യൂഡൽഹി : മുന്നിലുള്ളത് ഭയാനകമായ പാതയെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. സാമ്പത്തിക ഉദാരവത്ക്കരണത്തിന് 30 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് സുപ്രധാനമായ നയത്തിന് ചുക്കാന്‍ പിടിച്ച ധനമന്ത്രിയായിരുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‍റെ വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യയെ വളരാന്‍ സഹായിച്ചത് 1991 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ ഉദാരവത്ക്കരണമാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ 30 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. വിവിധ മേഖലകളില്‍ ആഗോളശക്തിയായി ഇന്ത്യ വളര്‍ന്നു. എന്നാല്‍ 30 വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യം ഭയാനകമായ അവസ്ഥയെ അഭിമുഖീകരിക്കുകയാണെന്നും രാജ്യത്തെ ജനങ്ങളുടെ മാന്യമായ ജീവിതം ഉറപ്പാക്കാന്‍ ഭരണാധികാരികള്‍ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്‍റെ മുന്നിലുള്ള പാത 1991 ലെ സാമ്പത്തിക പ്രതിസന്ധിയെക്കാൾ ഭയാനകമാണെന്നും രാജ്യത്തെ ജനങ്ങൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കാൻ പുനർവിചിന്തനം അത്യാവശ്യമാണെന്നും ഡോ. മൻമോഹൻ സിംഗ് പറഞ്ഞു. കൊവിഡ് മഹാമാരിയില്‍ ദശലക്ഷക്കണക്കിന് ജീവനും ജീവിതവുമാണ് നഷ്ടമായത്. ഇതില്‍ ദുഃഖം രേഖപ്പെടുത്തിയ ഡോ. മന്‍മോഹന്‍ സിംഗ് ഇത് സന്തോഷിക്കാനും ആനന്ദിക്കാനുമുള്ള സമയമല്ലെന്നും ആത്മപരിശോധനയ്ക്കും ചിന്തിക്കാനുമുള്ള സമയമാണെന്നും ചൂണ്ടിക്കാട്ടി. ‘ഭൂമിയിലെ ഒരു ശക്തിക്കും ആരുടെ സമയമാണ് വരാൻ പോകുന്നതെന്ന ആശയത്തെ തടയാൻ കഴികയില്ല’ എന്ന വിക്ടർ ഹ്യൂഗോയുടെ കവിത ഉദ്ധരിച്ചാണ് 1991-ൽ ധനമന്ത്രി എന്ന നിലയിൽ ബജറ്റു പ്രസംഗം അവസാനിപ്പിച്ചത്. 30 വർഷത്തിനുശേഷം നാം രാജ്യമെന്നനിലയിൽ റോബർട്ട് ഫ്രോസ്റ്റിന്‍റെ കവിത ഓർക്കണം. ‘ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്’ – മൻമോഹൻ സിംഗ് പറഞ്ഞു.
30 വർഷംമുമ്പ് 1991 ൽ കോൺഗ്രസ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ പരിഷ്കാരങ്ങൾ വരുത്തുകയും രാജ്യത്തിന്‍റെ സാമ്പത്തികനയത്തിന് പുതിയപാത ഒരുക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന്ദശകത്തിനിടയിൽ തുടർന്നുള്ള സർക്കാരുകൾ ഈ പാത പിന്തുടർന്ന് മൂന്നുലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കും ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളുടെ നിരയിലേക്കും ഇന്ത്യയെ നയിച്ചു. ഈ കാലയളവിൽ 30 കോടി ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് പുറത്തുകടന്നുവെന്നും ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ യുവാക്കൾക്കായി സൃഷ്ടിക്കപ്പെട്ടുവെന്നും മൻമോഹൻ ചൂണ്ടിക്കാട്ടി. പരിഷ്കരണപ്രക്രിയ സ്വതന്ത്രസംരംഭങ്ങളുടെ ചൈതന്യം അഴിച്ചുവിട്ടതായും ഇത് ലോകോത്തര കമ്പനികളെ ഉത്പാദിപ്പിക്കാനും ഒട്ടേറെ മേഖലകളിൽ ആഗോളശക്തിയായി ഉയർന്നുവരാനും ഇന്ത്യയെ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 1991-ൽ സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് ഉദാരവത്ക്കരണ നടപടി തുടങ്ങിയതെന്നും എന്നാലത് പ്രതിസന്ധി മറികടക്കലിൽ മാത്രം ഒതുങ്ങിയില്ലെന്നും ഡോ. മൻമോഹൻ സിംഗ് പറഞ്ഞു. സാമ്പത്തിക ഉദാരവത്ക്കരണത്തിന്‍റെ 30-ാം വാർഷികത്തിന്‍റെ ഭാഗമായുള്ള പ്രസ്താവനയിലാണ് ഇന്ത്യയുടെ സാമ്പത്തിക നയ വ്യതിയാനത്തിന് ചുക്കാന്‍ പിടിച്ച സാമ്പത്തിക വിദഗ്ധനായ ഡോ. മൻമോഹന്‍ സിംഗിന്‍റെ പ്രതികരണം.