പെരിയവര പുതിയ പാലത്തിന്‍റെ സംരക്ഷണഭിത്തി വീണ്ടും തകർന്നു; 2018ൽ തുടങ്ങി തകർച്ച മൂന്നാം തവണ; നിർമാണത്തിലെ കോടികളുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യം

Jaihind News Bureau
Wednesday, August 19, 2020

ഇടതു സർക്കാരിന്‍റെ അഴിമതിക്കഥകളുടെ നേർക്കാഴ്ചയായ പെരിയവര പുതിയ പാലത്തിന്‍റെ സംരക്ഷണഭിത്തി വീണ്ടും തകർന്നു. 2018ൽ തുടങ്ങി മൂന്നാം തവണയാണ് പെരിയവരയിൽ പാലം തകർന്ന് ഗതാഗതം തടസ്സപ്പെടുന്നത്. പാലം നിർമാണത്തിലെ കോടികളുടെ അഴിമതികൾ അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

2018ലെ പ്രളയത്തിലാണ് അന്തർ സംസ്ഥാന പാതയിലുള്ള മൂന്നാർ പെരിയവര പാലം ആദ്യം തകർന്നത്. പിന്നീട് നിർമ്മിച്ച താൽക്കാലിക പാലവും റോഡും വീണ്ടും ഒലിച്ചുപോയിരുന്നു. 2019 ലാണ് പുതിയ പാലത്തിന്‍റെ നിർമ്മാണം ആരംഭിച്ചത്. ഈ പാലത്തിലേക്ക് മൂന്നാർ ഭാഗത്തു നിന്നും നിർമ്മിച്ച അപ്രോച്ച് റോഡിന്‍റെ സംരക്ഷണഭിത്തിയാണ് തകർന്നത്.

പുതിയ പാലം ഇതുവരെയും തുറന്നുകൊടുത്തിരുന്നില്ല. ആഗസ്റ്റ് ആദ്യ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ താൽക്കാലിക പാലം തകർന്നത് പെട്ടിമുടിയിലെ രക്ഷാപ്രവർത്തനം അസാദ്ധ്യമാക്കി. മരണനിരക്ക് കൂടുവാൻ കാരണം അധികാരികളാണ് എന്ന ആക്ഷേപം നിലനിൽക്കുകയാണ്. ഇപ്പോൾ താൽക്കാലികമായി പുതിയ പാലത്തിൽ കൂടി വാഹനങ്ങൾ കടന്നു പോകുന്ന സംരക്ഷണഭിത്തി തകർന്നത് വലിയ ആശങ്കയുണർത്തുന്ന സംഭവമാണ്. ഓരോ തവണ പാലം തകരുമ്പോഴും നിർമിക്കുമ്പോഴും പ്രളയ ഫണ്ട് അടിച്ചു മാറ്റുന്നതിനാലാണ് കൃത്യമായ നിർമ്മാണം നടക്കാത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

https://youtu.be/IobQ3eaLOY4