ന്യൂഡൽഹി : ആവശ്യപ്പെട്ടത്ര കൊവിഡ് വാക്സിന്‍ ഭാരത് ബയോടെക് നല്‍കിയില്ലെന്ന് ഡല്‍ഹി സർക്കാർ. കേന്ദ്രസർക്കാരിന്‍റെ നിർദേശത്തെ തുടർന്നാണ് ആവശ്യമുള്ളത്ര വാക്സിന്‍ നല്‍കാതിരുന്നതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. കൊവാക്സിന്‍റെയും കൊവിഷീൽഡിന്‍റെയും 67 ലക്ഷം ഡോസ് വീതമാണ് ഡല്‍ഹി ആവശ്യപ്പെട്ടത്. എന്നാൽ വാക്സിൻ വിതരണം ചെയ്യാൻ കഴിയില്ലെന്നാണ് ഭാരത് ബയോടെക് അറിയിച്ചത്. ഇത്തരത്തില്‍ വാക്സിന്‍ നല്‍കരുതെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ നിർദേശമുണ്ടെന്ന് ഭാരത് ബയോടെക് അറിയിച്ചതായും മനീഷ് സിസോദിയ ചൂണ്ടി.
ഡല്‍ഹിയില്‍ കൊവിഷീൽഡ് വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ മാത്രമാണ് ഇപ്പോള്‍ പ്രവർത്തിക്കുന്നുണ്ട്. വാക്സിന്‍റെ കരുതൽ ശേഖരം തീർന്നതായും കൊവാക്സിൻ കുത്തിവെപ്പിനായി സജ്ജീകരിച്ച വാക്സിൻ കേന്ദ്രങ്ങൾ ഇതിനോടകം അടച്ചുവെന്നും സിസോദിയ വ്യക്തമാക്കി. 17 സ്കൂളുകളിലായി 100 കേന്ദ്രങ്ങളാണ് കൊവാക്സിന്‍ നല്‍കുന്നതിനായി സജ്ജീകരിച്ചിരുന്നത്. വാക്സിന്‍ ലഭ്യമല്ലാത്തതിനാല്‍ നിലവില്‍ ഇവയൊന്നും തന്നെ പ്രവർത്തിക്കുന്നില്ല. വാക്സിന്‍ കയറ്റുമതിയാണ് ഇത്തരത്തില്‍ ക്ഷാമത്തിലേക്ക് നയിച്ചതെന്നും ഡല്‍ഹി സർക്കാർ ആരോപിച്ചു.
6.6 കോടി ഡോസ് വാക്സിൻ കേന്ദ്രസർക്കാർ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതത്. വാക്സിൻ സംബന്ധമായ എല്ലാ കയറ്റുമതിയും കേന്ദ്രസർക്കാർ നിർത്തിവെക്കണമെന്നും വിദേശത്തുനിന്ന് കൂടുതൽ ഡോസുകൾ ഇറക്കുമതി ചെയ്ത് കേന്ദ്രം സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കണമെന്നും മനീഷ് സിസോദിയ ആവശ്യപ്പെട്ടു. വാക്സിൻ നിർമാണത്തിന് കൂടുതൽ കമ്പനികൾക്ക് അനുമതി നൽകണമെന്നും രാജ്യത്തിന്‍റെ ക്ഷേമത്തിനായി കേന്ദ്രം പ്രവർത്തിക്കണമെന്നും സിസോദിയ ചൂണ്ടിക്കാട്ടി.