തിരുവനന്തപുരം : സ്പ്രിങ്ക്ളർ കരാറിലും ഡാറ്റ ചോർച്ചയിലും ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് മാധവൻ നമ്പ്യാർ കമ്മിറ്റി റിപ്പോർട്ട് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മാധവൻ നമ്പ്യാർ കമ്മറ്റി റിപ്പോർട്ടിലുള്ളത് ഗുരുതരമായ കണ്ടെത്തലുകളാണെന്ന് സബ്മിഷൻ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വന്തം വകുപ്പിൽ ഇങ്ങനെയൊരു കരാർ നടന്നിട്ട് അറിയാത്ത പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരാൻ യോഗ്യനല്ല. സർക്കാരിനെ വെള്ളപൂശുന്ന റിപ്പോർട്ട് കിട്ടുന്നതുവരെ ഇക്കാര്യത്തിൽ പുതിയ കമ്മിറ്റികളെ വെക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കമ്പനിയുമായി ഒപ്പിട്ട കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു
വിവര സുരക്ഷയ്ക്ക് സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ അഭാവത്തിൽ സംസാരിച്ച മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. നിലവിലെ വിവരങ്ങൾ വെച്ച് അനുമാനത്തിൽ എത്തുന്നത് അനുചിതമാണ്. മൂന്നംഗ കമ്മിറ്റി റിപ്പോട് കിട്ടിയാൽ തുടർനടപടിയെടുക്കും. ജുഡീഷ്യൽ അന്വേഷണം ആവശ്യമില്ല. മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.