
ത്രിതല പഞ്ചായത്ത് ചരിത്രത്തിൽ ആദ്യമായി ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വെളിയനാട് ഡിവിഷനിൽ യുഡിഎഫ് വിജയക്കൊടി പാറിച്ചു. ദീർഘകാലമായി സിപിഎമ്മിന്റെ ഉറച്ച ചെങ്കോട്ടയായി കണക്കാക്കിയിരുന്ന ഈ ഡിവിഷനിൽ കോൺഗ്രസിന് ഒരു സാധ്യതയുമില്ലെന്ന് ഉറപ്പിച്ചിടത്താണ് സി. വി. രാജീവ് എന്ന സ്ഥാനാർഥിയിലൂടെ യുഡിഎഫ് അപ്രതീക്ഷിത വിജയം നേടിയത്. പഞ്ചായത്ത് സംവിധാനം നിലവിൽ വന്ന കാലം മുതൽ ചുവപ്പ് മാത്രം അണിഞ്ഞുനിന്ന വെളിയനാട്, സിപിഎം സ്ഥാനാർഥിയെക്കാൾ 1723 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് കോൺഗ്രസ് കൈപ്പിടിയിലൊതുക്കിയത്. ഇത് ഡിവിഷനിലെ ഏറ്റവും വലിയ റെക്കോർഡ് വിജയങ്ങളിൽ ഒന്നാണ്.
വർഷങ്ങളായി കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ സി. വി. രാജീവ്, നിലവിൽ കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനാണ്. സംസ്ഥാനമൊട്ടാകെ എൽഡിഎഫ് സർക്കാരിനെതിരെ അലയടിച്ച ഭരണവിരുദ്ധ വികാരത്തിനൊപ്പം, രാജീവിന്റെ വ്യക്തിപരമായ സ്വീകാര്യതയും അദ്ദേഹത്തിന്റെ മികച്ച ജനസേവനശൈലിയുമാണ് ഈ ചരിത്ര വിജയത്തിന്റെ ആക്കം കൂട്ടിയതെന്ന് നിസംശയം പറയാം. ബ്ലോക്ക് പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിച്ചുകൊണ്ട് മുട്ടാർ, രാമങ്കരി എന്നീ ഗ്രാമപഞ്ചായത്തുകളുടെ ഭരണം യുഡിഎഫിന് തിരിച്ചുപിടിക്കാനായത് അദ്ദേഹത്തിന്റെ പ്രവർത്തന മികവിനുള്ള വ്യക്തമായ അംഗീകാരമായി വിലയിരുത്തപ്പെടുന്നു.
വെളിയനാട്, മുട്ടാർ, രാമങ്കരി, പുളിങ്കുന്ന്, കാവാലം, നീലംപേരൂർ എന്നിങ്ങനെ ആറ് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് വെളിയനാട് ഡിവിഷൻ. ഈ ആറ് പഞ്ചായത്തുകളിൽ വെളിയനാട്, മുട്ടാർ, രാമങ്കരി എന്നീ മൂന്ന് പഞ്ചായത്തുകളിലാണ് രാജീവ് വ്യക്തമായ മേൽക്കൈ നേടിയത്. വെളിയനാട് പഞ്ചായത്തിൽ നിന്ന് 1558 വോട്ടും, മുട്ടാർ പഞ്ചായത്തിൽ നിന്ന് 1000 വോട്ടും, രാമങ്കരിയിൽ നിന്ന് 849 വോട്ടും നേടിയാണ് അദ്ദേഹം വിജയം ഉറപ്പിച്ചത്.