കണ്ടെടുത്ത സ്വര്‍ണ്ണം നയതന്ത്ര സ്വർണക്കടത്തിൽ ഉൾപ്പെട്ടത്; എം. ശിവശങ്കറിന്‍റെ പങ്ക് ആവര്‍ത്തി ഇഡി

Jaihind Webdesk
Friday, December 9, 2022

മലപ്പുറം : മലപ്പുറത്ത് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ കണ്ടെടുത്ത സ്വർണം നയതന്ത്ര സ്വർണക്കടത്തിൽ ഉൾപ്പെട്ടതെന്ന് ഇഡി. അബൂബക്കർ പഴേടത്ത് എന്നയാളുടെ 4 ജ്വല്ലറികളിലും വീട്ടിലുമായി ഇഡി നടത്തിയ റെയ്ഡിൽ അഞ്ച് കിലോ സ്വർണ്ണമാണ് കണ്ടെടുത്തത്. സ്വർണ്ണക്കടത്തിൽ എം. ശിവശങ്കറിന്‍റെ പങ്ക് ഇഡി വാർത്താകുറിപ്പിൽ ആവര്‍ത്തിച്ച് പറയുന്നുണ്ട്.

മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ജ്വല്ലറി, ഫൈന്‍ ഗോള്‍ഡ് ജ്വല്ലറി, അറ്റ്ലസ് ഗോൾഡ് എന്നിവയുടെ പ്രൊമോട്ടർ അബൂബക്കര്‍ പഴേടത്തിന്‍റെ സ്ഥാപനത്തിലെ ‘രഹസ്യ അറയിൽ’ നിന്നാണ് ഇ ഡി കഴിഞ്ഞ തിങ്കളാഴ്ച്ച സ്വര്‍ണം പിടികൂടിയത്. വിവാദമായ സ്വർണക്കടത്ത് കേസിലെ പ്രധാന ഗുണഭോക്താവായി ഇഡി കണ്ടെത്തിയ ഇയാളുടെ പക്കൽ നിന്ന് 2.51 കോടി രൂപയുടെ സ്വര്‍ണമായിരുന്നു എന്‍ഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് പിടികൂടിയത്. അബൂബക്കർ പഴേടത്തിൻ്റെ 4 ജ്വല്ലറികളിലും വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. അഞ്ച് കിലോ സ്വർണ്ണം അബുബക്കറിന് പങ്കാളിത്തമുള്ള ഫൈൻ ഗോൾഡ്, അറ്റലസ് ഗോൾഡ് എന്നീ സ്ഥാപനങ്ങളിൽ നിന്ന് കണ്ടെടുത്തു. രഹസ്വ അറയിൽ നിന്ന് സ്വർണ്ണത്തിന് പുറമേ 3.79 ലക്ഷം രൂപയും കണ്ടെടുക്കുകയുണ്ടായി. 2020 ജൂലൈ 5 ന് തിരുവനന്തപുരം വിമാനത്താവളത്തിലെ യുഎഇ കോണ്‍സുലേറ്റിന്‍റെ  നയതന്ത്ര ബാഗേജില്‍ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത് സംബന്ധിച്ച് ഇഡിക്ക് പുറമെ എന്‍ഐഎയും കസ്റ്റംസ് വകുപ്പും പ്രത്യേകം അന്വേഷണം നടത്തി വരികയാണ്. ഇതിനിടെയാണ് ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് സ്വര്‍ണ്ണം പിടികൂടിയത്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിന്‍റെ  നേതൃത്വത്തില്‍ സരിത് പിഎസ്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ നടത്തിയ സ്വര്‍ണക്കടത്തിലെ ഗുണഭോക്താക്കളില്‍ ഒരാള്‍ ആണ് മലപ്പുറം സ്വദേശിയായ അബൂബക്കര്‍ പഴേടത്ത് എന്ന് ഇഡി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നുണ്ട്. ജൂലൈയില്‍ കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണത്തിലെ മൂന്ന് കിലോ സ്വര്‍ണം അബൂബക്കര്‍ പഴേടത്തിന്റേതാണെന്നും ഇഡി വ്യക്തമാക്കുന്നുണ്ട്.