എസ്ആർഐടിയെ വെച്ച് കെ ഫോണ്‍ കൊള്ളയ്ക്ക് സർക്കാർ കളമൊരുക്കിയതിന്‍റെ രേഖകള്‍ | JAIHIND EXCLUSIVE | VIDEO STORY

Jaihind Webdesk
Thursday, June 8, 2023

 

തിരുവനന്തപുരം: വിവാദ കമ്പനിയായ എസ്ആർഐടിയെ (SRIT) വെച്ച് കെ ഫോൺ കൊള്ളയ്ക്ക് സർക്കാർ കളമൊരുക്കിയതിന്‍റെ രേഖകൾ ജയ്ഹിന്ദ് ന്യൂസ് പുറത്തു വിടുന്നു. കെ ഫോൺ (K FON) അഴിമതിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് തെളിവ് എവിടെ എന്ന് വെല്ലുവിളിച്ചവർക്കായി ഈ രേഖകൾ സമർപ്പിക്കുന്നു.

എ.ഐ ക്യാമറ (AI Camera) വിവാദത്തിൽ ഉൾപ്പെട്ട എസ്ആർഐടിക്ക് തന്നെയാണ് കെ ഫോൺ പദ്ധതിയുടെ എംഎസ്പി ടെണ്ടറും ലഭിച്ചത്. സംസ്ഥാന സർക്കാർ 1,548 കോടി രൂപ മുതൽ മുടക്കുന്ന പദ്ധതിയിൽ ലാഭം മുഴുവൻ ബംഗളുരു ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി എസ്ആർഐടിക്ക് ലഭിക്കുന്ന തരത്തിലാണ് സർക്കാർ വർക്ക് ഓർഡർ നൽകിയിരിക്കുന്നത്. ഇതനുസരിച്ച് പദ്ധതിയിലെ വരുമാനത്തിന്‍റെ 10 ശതമാനവും എസ്ആർഐടിക്കാണ് ലഭിക്കുക. വർക്ക് ഓർഡർ പ്രകാരം മൊത്തവരുമാനത്തിന്‍റെ 10 ശതമാനവും ജിഎസ്ടിയും എസ്ആർഐടിക്ക് ലഭിക്കും. ഇതിനു പുറമേ വരിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പെർഫോർമൻസ് ഇൻസെന്‍റീവും ഇവർക്ക് നൽകും.വരിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചും വരുമാന വർധനവിന് ആനുപാതികമായും ഇൻസെന്‍റീവായി 2% വരെ നൽകുമെന്നും വർക്ക് ഓർഡറിലുണ്ട്.

കെ ഫോൺ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ചുള്ള ഇന്‍റർനെറ്റ് ലീസ്ഡ് ലൈൻ, ഡാർക്ക് ഫൈബർ എന്നിവ വാണിജ്യാവശ്യങ്ങൾക്കായി നൽകിയാൽ അതിന്‍റെ വരുമാനത്തിന്‍റെ 50% എസ്ആർഐടിക്ക് കിട്ടും. ഇങ്ങനെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്കുള്ള ബില്ലിംഗിലും സർവേയിലും അവശ്യസാധനങ്ങളുടെ പർച്ചേസിലുമുൾപ്പെടെ ഇടപെടാനും തീരുമാനമെടുക്കാനും എസ്ആർഐടിക്ക് അധികാരമുണ്ടായിരിക്കും. കെ ഫോണും എസ്ആർഐടിയും തമ്മിൽ കരാർ ഒപ്പുവെച്ചതു മുതൽ പ്രീപെയ്ഡ് സ്കീമിലെ ഓരോ മാസത്തേയും വരുമാനത്തിന്‍റെ 10% തുക അടുത്ത മാസം 15നകം സ്വകാര്യ കമ്പനിക്ക് കൈമാറും. പോസ്റ്റ് പെയ്ഡ് കണക്ഷനുകളിൽ ലാഭവിഹിതം ബിൽ തയാറാക്കി 60 ദിവസത്തിനു ശേഷം കൈമാറും. സർക്കാർ സ്ഥാപനങ്ങളിലെ 30,000 കണക്ഷനിലെ സേവനം ഉറപ്പുവരുത്താനുള്ള ചുമതല മാത്രമാണ് പൊതുമേഖലാ സ്ഥാപനമായ ബെല്ലിനുള്ളത്. ഇവിടെ നിന്നുള്ള വരുമാനം മാത്രമാകും ബിഇഎല്ലിന് ലഭിക്കുക.

ബെൽ, അഴിമതി ക്യാമറ ഇടപാടിൽ ഉൾപ്പെട്ട എസ്ആർഐടി, റെയിൽ ടെൽ എന്നിവർ ഉൾപ്പെടുന്ന കൺസോർഷ്യത്തിനാണ് കെ ഫോൺ കരാർ ലഭിച്ചത് . എസ്ആർഐടി അവർക്ക് കിട്ടിയ കരാർ പാലങ്ങളും റോഡുകളും മാത്രം നിർമ്മിക്കുന്ന അശോക ബിൽഡ്കോൺ എന്ന കമ്പനിക്ക് ഉപകരാറായി നൽകി. അശോക ബിൽഡ്കോൺ ഈ കരാർ മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രിസാഡിയോ കമ്പനിക്ക് നൽകി. എഐ ക്യാമറ വിവാദത്തിലേത് പോലെ കെ ഫോണിലും ലാഭം മുഴുവൻ എത്തുന്നത് ഒരേ കേന്ദ്രത്തിലേക്കാണ്. എഐ ക്യാമറ ഇടപാടിലേതു പോലെ കെ ഫോണിലും കാർട്ടലുണ്ടാക്കിയാണ് കരാർ നേടിയത്.

 

https://www.facebook.com/JaihindNewsChannel/videos/9959950264016855

 

https://www.youtube.com/watch?v=aMdymLgPDZY