യുവ ഡോക്ടറുടെ ദാരുണാന്ത്യത്തിന് കാരണം സർക്കാരിന്‍റെ അനാസ്ഥ; മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മറുപടി പറയണംമെന്ന് കെഎസ്‌യു

Jaihind Webdesk
Wednesday, May 10, 2023

തിരുവവന്തപുരം: വനിതാ ഡോക്ടർ ദാരുണമായി കൊല്ലപ്പെട്ട സംഭവം സർക്കാരിന്‍റെ അനാസ്ഥ മൂലമെന്ന് കെഎസ്‌യു. ഇരുപത്തിമൂന്ന് വയസുകാരിയായ വനിതാ ഡോക്ടർ വന്ദന ദാസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായ അക്രമം മൂലം കൊല്ലപ്പെട്ടത് ആഭ്യന്തര ആരോഗ്യ വകുപ്പുകളുടെ ഭാഗത്ത് നിന്നുണ്ടായ കടുത്ത അനാസ്ഥയുടെ ഭാഗമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. ഒറ്റപ്പെട്ട സംഭവം എന്ന മറുപടി അല്ല വേണ്ടത്.  ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായി മാറിയെന്നും അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.

അക്രമി അഴിഞ്ഞാടിയത് പോലീസിന്‍റെ സാന്നിധ്യത്തിലാണ് എന്നത് സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു. ക്രിമിനൽ കുറ്റവാളിയെ വിലങ്ങില്ലാതെ കൊണ്ടുവന്നതും അക്രമാസക്തമായിട്ടും പ്രതിയെ തടയാനാകാതെ പോലീസുകാർ നോക്കി നിന്നതിന്‍റെയും ഭാഗമായിട്ടാണ് ഒരു പാവം പെൺകുട്ടിയുടെ ദാരുണാന്ത്യം സംഭവിച്ചതെന്നും അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.

പൗരനെ സസൂക്ഷ്മം നിരീക്ഷിച്ചു പിഴ ചുമത്തുന്ന ആഭ്യന്തരവകുപ്പിന്‍റെ ക്യാമറക്കണ്ണുകൾ ക്രമസമാധാനപാലകർ കൂടി ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ഈ ആഭ്യന്തരവകുപ്പിന് കീഴിൽ നിഷ്കളങ്കരും നിരാലംബരുമായ മനുഷ്യർ ഇനിയും മരിച്ചുവീഴും. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി കെഎസ്‌യു മുന്നോട്ടു പോകുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.