‘കൊവിഡ് വ്യാപനത്തിന് കാരണം സര്‍ക്കാരിന്‍റെ ശ്രദ്ധ കള്ളക്കടത്ത് കേസിലായതിനാല്‍ ; മറ്റുള്ളവരുടെ മേല്‍ കുറ്റം ചുമത്താനുള്ള തന്ത്രം വിലപ്പോവില്ല’ : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Thursday, August 6, 2020

Oommen-Chandy

 

കൊവിഡ് 19 മഹാമാരി വ്യാപിക്കുന്നതിന്‍റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ മേല്‍ ചുമത്തി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ തന്ത്രം വിലപ്പോവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വര്‍ണ്ണക്കടത്തുകേസില്‍ സര്‍ക്കാര്‍ മൂക്കോളം മുങ്ങിയതിനെ തുടര്‍ന്നാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അലംഭാവവും വീഴ്ചയും ഉണ്ടായത് എന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഒന്നിലധികം മന്ത്രിമാരും സ്പീക്കറുമൊക്കെ സംശയത്തിന്‍റെ നിഴിലാണ്. ഒരോ ദിവസവും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നു. സര്‍ക്കാരിന്‍റെ പ്രഥമ പരിഗണന ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ എങ്ങനെ പിടിച്ചുനില്‍ക്കാം എന്നതിലാണ്. കൊവിഡും പ്രളയവുമൊക്കെ ഇതിന് പിന്നാലാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് സ്വര്‍ണം എത്തിയ ജൂണ്‍ 3 0ന് കേരളത്തില്‍ ആകെയുണ്ടായിരുന്നത് 131 കൊവിഡ് രോഗികളാണ്. കള്ളക്കടത്ത് പാഴ്‌സല്‍ തുറന്ന ജൂലൈ 5 ന് 225 രോഗികള്‍. കേസ് എന്‍.ഐ.എ ഏറ്റെടുത്ത ജൂലൈ 9ന് 339 രോഗികള്‍. സ്വപ്‌നയും സന്ദീപും പിടിയിലായ ജൂലൈ 11 ന് 488 രോഗികള്‍. സ്വര്‍ണക്കടത്ത് കേസ് ഊര്‍ജിതമായ ജൂലൈ 15 മുതലാണ് രോഗികളുടെ എണ്ണം കുതിച്ചു കയറി 623 ല്‍ എത്തി. സമ്പര്‍ക്കത്തിലൂടെ 432 പേര്‍ രോഗികളായി. ഉറവിടം അറിയാത്ത രോഗികളും രംഗപ്രവേശം ചെയ്തു – 37 പേര്‍. 34 പേര്‍ മരിക്കുകയും ചെയ്തു.

കള്ളക്കടത്ത് കേസ് ഓരോ ദിവസം സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുമ്പോള്‍ കൊവിഡ് കേസുകളും മുന്നേറുകയാണ്. ജൂലൈ 22ന് രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. ഇതില്‍ 57 പേരുടെ ഉറവിടം അറിയില്ല. ഓഗസ്റ്റ് ഒന്നിന് 1129 രോഗികള്‍, 36 പേരുടെ ഉറവിടം അറിയില്ല. 81 മരണം. ഓഗസ്റ്റ് 6ന് 1298 രോഗികള്‍, 76 പേരുടെ ഉറവിടം അറിയില്ല. മരണസംഖ്യ 97. കള്ളക്കടത്ത് കേസ് പുരോഗമിക്കുമ്പോള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധ പതറുന്നുവെന്നത് വ്യക്തമാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.