തൃശൂര്‍ കോടാലി സര്‍ക്കാര്‍ എല്‍പി സ്‌കൂളിന്റെ ഓഡിറ്റോറിയം സീലിങ് തകര്‍ന്നു വീണതോടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ എന്ത് സുരക്ഷയാണ് ഉള്ളതെന്ന ചോദ്യം ഉയരുകയാണ്. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ബലക്ഷയമുണ്ടെന്ന വാദങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തൃശ്ശൂരില്‍ ഏറ്റവും ഒടുവിലത്തെ സ്‌കൂള്‍ അപകടം ഉണ്ടായിരിക്കുന്നത്. ഈ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്.
ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നതിനാല്‍ സ്‌കൂളുകളില്‍ അവധിയായിരുന്നു. അതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. രണ്ട് വര്‍ഷം മുന്‍പ് പണിത ജിപ്‌സം ബോര്‍ഡാണ് തകര്‍ന്നു വീണത്. 54 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചതാണ് ഓഡിറ്റോറിയത്തിലെ സീലിങ്. സ്‌കൂളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ തന്നെ അശാസ്ത്രീയമായാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്നും പരാതിയില്‍ പറയുന്നു. മരപ്പട്ടി കാരണമാണ് അപകടം എന്നാണ് അധികൃതരുടെ ഇപ്പോഴത്തെ ന്യായീകരണം.
സ്‌കൂള്‍ തുറക്കലിന് മുന്‍പ് തന്നെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, സ്‌കൂള്‍ തുറന്നിട്ട് രണ്ട് മാസങ്ങള്‍ പിന്നിടുകയാണ്. പത്തനംത്തിട്ട കടമ്മനിട്ടയിലും ആലപ്പുഴ കാര്‍ത്തികപ്പള്ളിയിലും സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇടിഞ്ഞു വീണതോടെ സര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളും കൂടെ തകര്‍ന്നു വീഴുകയാണ്. സര്‍ക്കാര്‍ സ്‌കൂളുകളുടെ പിഴവില്‍ ഇനിയും നഷ്ടപ്പെടാന്‍ ജീവനുകള്‍ ഉണ്ടാകരുത്.
കേരളത്തിലെ സ്‌കൂളുകള്‍ ഹൈടെക്ക് ആണെന്നും ഫൈവ് സ്റ്റാര്‍ തുല്യമാണെന്നും മേനി പറയുന്ന വിദ്യാഭ്യാസ മന്ത്രി അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ എടുക്കുന്നില്ല. സ്‌കൂളിനു വേണ്ടി കോടികള്‍ മുടക്കിയുള്ള പദ്ധതികള്‍ വാഗ്ദാനം ചെയ്‌തെങ്കിലും അതൊന്നും നടപ്പിലാക്കാനോ സുരക്ഷകള്‍ ഉറപ്പാക്കാനോ സര്‍ക്കാരോ വിദ്യാഭ്യാസ വകുപ്പോ തയാറാകുന്നില്ലെന്നതാണ് വസ്തുത.