ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മോദി സർക്കാരിന് കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി. 270 പേരുടെ വിലപ്പെട്ട ജീവന്‍ നഷ്ടമായിട്ടും ആരും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറാകുന്നില്ല. റെയില്‍വേ മന്ത്രിയുടെ രാജി അടിയന്തരമായി ആവശ്യപ്പെടാന്‍ പ്രധാനമന്ത്രി തയാറാകണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
റെയിൽവേ ദുരന്തത്തിന്‍റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലാല്‍ ബഹദൂർ ശാസ്ത്രി, നിതീഷ് കുമാർ, മാധവറാവു സിന്ധ്യ എന്നിവരെ പോലെ ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് റെയിൽവേ മന്ത്രി രാജിവെക്കുക അല്ലെങ്കിൽ റെയില്‍വെ മന്ത്രിയില്‍ നിന്ന് പ്രധാനമന്ത്രി രാജി ആവശ്യപ്പെടണണമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു.
കോറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാർക്ക് ശ്വാസമെടുക്കാൻ പോലും സാധിക്കുമായിരുന്നില്ല. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി പുരാണങ്ങളില്‍ നിന്നും ചരിത്രത്തില്‍ നിന്നും പഠിക്കണം. പല മുന്നറിയിപ്പുകളും ഉണ്ടായിട്ടും സിഗ്നലിംഗ് സംവിധാനത്തില്‍ ഉണ്ടായ വീഴ്ച കുറ്റകരമാണ്. സ്വാഭാവിക ദുരന്തമല്ലെന്നും മനുഷ്യനിര്‍മിത ദുരന്തമാണുണ്ടായതെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര കുറ്റപ്പെടുത്തി.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ റെയില്‍ മന്ത്രാലയത്തെ പാർലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിമർശിച്ചിരുന്നു. റെയില്‍ മാനേജ്മെന്‍റിലെ വീഴ്ചകളെ കുറിച്ച സിഎജി റിപ്പോര്‍ട്ടും കുറ്റപ്പെടുത്തുന്നു. ദുരന്തത്തിന്‍റെ ഉത്തരവാദിത്വം പ്രധാനമന്ത്രിയും ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. റെയില്‍വേയില്‍ ഒഴിഞ്ഞുകിടക്കുന്നത് മൂന്നു ലക്ഷം തസ്തികകളാണ്. കവച് സംവിധാനം എല്ലാ ട്രെയിനുകളിലും ഏർപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
270+ मौतों के बाद भी कोई जवाबदेही नहीं!
मोदी सरकार इतनी दर्दनाक दुर्घटना की ज़िम्मेदारी लेने से भाग नहीं सकती।
प्रधानमंत्री को फ़ौरन रेल मंत्री का इस्तीफा लेना चाहिए!
— Rahul Gandhi (@RahulGandhi) June 4, 2023