കാസർഗോഡ് നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ചു

Jaihind News Bureau
Wednesday, December 4, 2019

കാസർഗോഡ് നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ചു. കരിവേടകം നെട്ടിപ്പടുപ്പ് ശങ്കരംപാടി സ്വദേശി വി.എസ്.രവീന്ദ്രനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി-ഒന്ന് ജഡ്ജ് എസ്.ശശികുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

2018 ഒക്ടോബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയ കുട്ടിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. പോക്‌സോ കേസ് നിലവില്‍ വന്നതിനു ശേഷം 2018 ഏപ്രില്‍ മാസം 21-നു ഭേദഗതി ചെയ്ത 376 എബി എന്നീ വകുപ്പ് പ്രകാരം കുറ്റക്കാരനെന്നു കണ്ടെത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്.

12 വയസിനു താഴെ പ്രായമുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കുള്ള ശിക്ഷയാണ് ഈ സെക്ഷനില്‍ പ്രതിപാദിക്കുന്നത്. കേസില്‍ പ്രോസിക്യൂഷന്‍ 22 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകള്‍ ഹാജരാക്കി. ബേഡകം പോലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡി.വൈ.എസ്.പി. ഹരിശ്ചന്ദ്ര നായ്ക് ആണ് അന്വേഷിച്ച് കുറ്റുപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി.