മേയറുടെ കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈം ബ്രാഞ്ചിന്‍റെ പ്രാഥമിക റിപ്പോർട്ട്

Jaihind Webdesk
Monday, November 21, 2022

 

തിരുവനന്തപുരം: നഗരസഭയിലെ ഒഴിവിലേക്ക് പാർട്ടിക്കാരെ നിയമിക്കാന്‍ ലിസ്റ്റ് ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രന്‍ നല്‍കിയ ഔദ്യോഗിക കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈം ബ്രാഞ്ചിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്. കേസെടുത്ത് അന്വേഷിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ എന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തുടരന്വേഷണം സംബന്ധിച്ച് ഡിജിപി അനില്‍ കാന്താവും തീരുമാനമെടുക്കുക.

യഥാര്‍ത്ഥ കത്ത് കണ്ടെത്താനായിട്ടില്ലന്നും റിപ്പോര്‍ട്ടിലുണ്ട്. കത്ത് വ്യാജമെന്ന മേയറുടെ മൊഴി ഉള്‍പ്പെടെയുള്ള റിപ്പോർട്ടാണ് ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറിയിരിക്കുന്നത്. എന്നാല്‍ കത്തിന് പിന്നില്‍ ആരെന്നത് കണ്ടെത്താന്‍ അന്വേഷണം തുടങ്ങി ഒന്നരയാഴ്ച പിന്നിട്ടിട്ടും ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഈ ആഴ്ച കത്തുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പരി​ഗണിക്കുന്നുണ്ട്. അതിന് മുമ്പ് തന്നെ റിപ്പോർട്ടിൽ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.

അന്വേഷണം പ്രഹസനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മേയറുടെയും സിപിഎം ജില്ലാ സെക്രട്ടറിയുടെയും മൊഴി വിശ്വാസത്തിലെടുത്ത് കേസ് അവസാനിപ്പിക്കാനാണ് നീക്കമെന്നാണ് ആക്ഷേപം. ഇന്നും ശക്തമായ പ്രതിഷേധമാണ് യുഡിഎഫ് നഗരസഭയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത്. മേയർ രാജി വെക്കുന്നതുവരെ  പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. നാളെ ചേരുന്ന കോർപറേഷൻ കൗണ്‍സില്‍ യോഗത്തിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തും.