വാഴ്ത്ത് പാട്ട് തുടരുന്നു; ‘പിണറായി ദ ലെജന്‍ഡ്’ ഡോക്യുമെന്ററി ഇന്ന് പുറത്തിറങ്ങും

Jaihind News Bureau
Wednesday, May 28, 2025

വാഴ്ത്തു പാട്ടിന് പിന്നാലെ പിണറായി സ്തുതിയുമായി സെക്രട്ടിയേറ്റിലെ ഇടത് അനുകൂല സര്‍വീസ് സംഘടന പുറത്തിറക്കുന്ന ഡോക്യുമെന്ററി ഇന്ന് പുറത്തിറങ്ങും.’പിണറായി ദ ലെജന്‍ഡ്’ എന്നാണ് ഡോക്യുമെന്ററിക്ക് പേരിട്ടിരിക്കുന്നത്. സ്തുതിഗീതങ്ങളും വാഴ്ത്തുപാട്ടുകളും വ്യക്തി പൂജയും സിപിഎം പുതിയ മുഖമുദ്രയാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ വീര പുരുഷനായി ചിത്രീകരിച്ചാണ് ഡോക്യുമെന്ററി പുറത്തിറക്കുന്നത്. ഡോക്യുമെന്ററി പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ആദ്യമായാണ് ഒരു സര്‍വ്വീസ് സംഘടന പിണറായിയെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. ഇതേ സംഘടന തയ്യാറാക്കിയ വാഴ്ത്ത് പാട്ട് നേരത്തെ വിവാദമായിരുന്നു. നടന്‍ കമലഹാസനാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്യുന്നത്.