‘ഒരു ദളിത് മുഖ്യമന്ത്രിക്കുള്ള സാധ്യത ഇല്ലാതാക്കി’; കെ രാധാകൃഷ്ണനെ പിണറായി ഒതുക്കിയതിന് ചേലക്കര മറുപടി പറയുമെന്ന് മാത്യു കുഴല്‍നാടന്‍

Jaihind Webdesk
Monday, November 11, 2024

ചേലക്കര: കേരളത്തില്‍ ഒരു ദളിത് മുഖ്യമന്ത്രിയുടെ സാധ്യതയില്ലാതാക്കാനാണ് കെ.രാധാകൃഷ്ണനെ പാര്‍ലമെന്റിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടതെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ചേലക്കര മറുപടി പറയുമെന്നും മാത്യു കുഴല്‍നാടന്‍ അഭിപ്രായപ്പെട്ടു.

കെ.രാധാകൃഷ്ണനെ എംപി ആക്കിയതു വഴി മന്ത്രിസഭയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് പ്രതിനിധി ഇല്ലാതായി എന്നും ആരും ചോദിക്കാനില്ല എന്ന ധൈര്യത്തില്‍ പട്ടികജാതിക്കാരുടെ ന്യായമായ അവകാശത്തെ പിണറായി തട്ടിത്തെറിപ്പിച്ചുവെന്നുമാണ് മാത്യു കുഴല്‍നാടന്‍ പറഞ്ഞത്. ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി കിള്ളിമംഗലം ചെറങ്കോണം ഒലിപ്പാറയില്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇഎംഎസ് മന്ത്രിസഭയില്‍ തുടങ്ങി ഇതുവരെയും പട്ടികജാതി വിഭാഗത്തിന് മന്ത്രിമാര്‍ ഉണ്ടായിരുന്നു. ഇതാണ് പിണറായി ഇപ്പോള്‍ ഇല്ലാതാക്കിയത്. ഏതെങ്കിലും കാരണവശാല്‍ പിണറായി രാജിവയ്‌ക്കേണ്ടി വന്നാല്‍ സിപിഎമ്മില്‍ നിന്ന് മുഖ്യമന്ത്രി ആകേണ്ടത് കെ.രാധാകൃഷ്ണനാണെന്ന ഘട്ടത്തിലാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു തന്നെ മാറ്റിനിര്‍ത്തിയത്. പകരം ആ വിഭാഗത്തില്‍ നിന്ന് ഒരാളെ മന്ത്രിയാക്കുമെന്നു പറയാന്‍ പിണറായിക്ക് ധൈര്യമില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.