പ്രതിപക്ഷ നിലപാട് ശരിയെന്ന് തെളിഞ്ഞു; വഖഫ് നിയമനത്തില്‍ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിട്ട തീരുമാനം ഉടന്‍ നടപ്പാക്കില്ലെന്ന സർക്കാർ തീരുമാനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷ നിലപാട് ശരിയെന്ന് തെളിഞ്ഞതായി അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡുണ്ടാക്കി സുതാര്യമാക്കണമെന്നാണ് യുഡിഎഫ് നിയമസഭയില്‍ ആവശ്യപ്പെട്ടത്.  അന്നത് മനസിലാക്കാതിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യം. വീണ്ടും ചര്‍ച്ച നടത്താമെന്നതും സ്വാഗതാര്‍ഹമാണ്. നിയമസഭയില്‍ വിശദമായ ചര്‍ച്ച നടന്നപ്പോള്‍ സമസ്ത നേതാക്കള്‍ ഉള്‍പ്പെടെ ഉന്നയിച്ച കാര്യങ്ങള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍ അതൊന്നും പരിഗണിക്കാതെ നടപ്പാക്കുമെന്ന പിടിവാശിയിലായിരുന്നു സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്‍ പിന്‍വലിച്ചതു പോലെ വഖഫ് നിയമന ബില്ലും നിയമസഭ ചേര്‍ന്ന് പിന്‍വലിക്കേണ്ടി വരും.

ലീഗിന് മീതെ വര്‍ഗീയത അടിച്ചേല്‍പ്പിക്കാനാണ് സിപിഎം ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ എന്ത് വര്‍ഗീയതയാണുള്ളതെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും വ്യക്തമാക്കണം. ഏതെങ്കിലും മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വേണ്ടി മാത്രം പിഎസ് സി വിജ്ഞാപനം ഇറക്കുന്നത് നിയമവിരുദ്ധവും അധാര്‍മ്മികവുമാണ്. ഹിന്ദുക്കള്‍ അല്ലാത്തവരെ ദേവസ്വം ബോര്‍ഡില്‍ നിയമിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡുണ്ടാക്കിയത്. അതുപോലെ വഖഫ് ബോര്‍ഡ് നിയമനങ്ങളും റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് വഴിയാക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment