ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടു: എന്‍ഐഎ

Jaihind Webdesk
Saturday, January 21, 2023

ന്യൂഡൽഹി: ഇന്ത്യയിൽ‍ ഇസ്‌ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് (PFI) ലക്ഷ്യമിട്ടെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) കണ്ടെത്തൽ. ഇതിനായി പോപ്പുലർ ഫ്രണ്ട് സർവീസ് ടീമും കില്ലർ ടീമും രൂപീകരിച്ചിരുന്നു. കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതക കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് എന്‍ഐഎ ഇക്കാര്യങ്ങള്‍ പറയുന്നത്.

2047 ഓടെ ഇന്ത്യയിൽ‍ ഇസ്‌ലാമിക ഭരണം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് പോപ്പുലർ ഫ്രണ്ട് നടത്തിയിരുന്നത്. ഇതിന്‍റെ ഭാഗമായി ആയുധ വിതരണം, സംഘടനാ നേതാക്കളുടെ നിരീക്ഷണം തുടങ്ങിയവയ്ക്കായി സർവീസ് ടീമും കൊലപാതകം ഉൾപ്പെടെയുള്ള മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടി കില്ലർ ടീമും രൂപീകരിച്ചെന്ന് എന്‍ഐഎ കുറ്റപത്രത്തിൽ പറയുന്നു.

പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് പ്രത്യേക കോടതിയിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ വർഷം ജൂലൈ 26നാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. കേസിലെ 20  പ്രതികളില്‍ ആറു പേർ ഒളിവിലാണ്. മുസ്തഫ പായിച്ചാർ, കെ.എ മസൂദ്, കൊഡാജെ മുഹമ്മദ് ഷെരീഫ്, അബൂബക്കർ സിദ്ദിഖ്, ഉമ്മർ ഫാറൂഖ്, എം.എച്ച് തുഫൈൽ എന്നിവരാണ് ഒളിവിലുള്ളത്. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 28 ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ 5 വർഷത്തേക്ക് കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷനൽ കോൺഫഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, കേരളത്തിലെ എംപവർ ഇന്ത്യ ഫൗണ്ടേഷൻ ആൻഡ് റിഹാബ് ഓർഗനൈസേഷൻ എന്നിവയ്ക്കാണ് നിരോധനം. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമായിരുന്നു നിരോധനം പ്രഖ്യാപിച്ചത്.