കരുണയെക്കാള്‍ വലിയ സ്നേഹമില്ല എന്ന തിരുവചനം നിറവേറ്റിയ പാപ്പ- സജീവ് ജോസഫ് എംഎല്‍എ

Jaihind News Bureau
Tuesday, April 22, 2025

കത്തോലിക്ക സഭയുടെ അമരനായ, കാരുണ്യത്തിന്‍റെ മുഖമായ ഫ്രാന്‍സിസ് മാർപാപ്പയുടെ വിയോഗത്തില്‍ സജീവ് ജോസഫ് എംഎല്‍എ തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ അദ്ദേഹത്തിനൊപ്പമുള്ള ഓർമ പങ്കുവെച്ചു. കുറിപ്പ് ഇങ്ങനെ:

ഇതുവരെ ഉണ്ടായ മാർപാപ്പമാരുടെ കാലം ചെയ്യൽ പലപ്പോഴും വിശ്വാസികളുടെ മാത്രം ദുഃഖമായിരുന്നെങ്കിൽ ഫ്രാൻസിസ് പാപ്പ കാലം ചെയ്തു പോകുമ്പോൾ ലോകം മുഴുവൻ കണ്ണുനീരണിയുന്ന ചിത്രമാണ് നാം കാണുന്നത്. സമഭാവനയുടെ മാനവിക മൂല്യത്തെ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ധാർമികതയാണ് മതമെന്ന് ഫ്രാൻസിസ് പാപ്പ നമ്മെ പഠിപ്പിച്ചു. കരുണയെക്കാൾ വലിയ സ്നേഹമില്ലെന്നും ഈ ലോകത്ത് സ്ത്രീകളും കുട്ടികളും യുദ്ധ തടവുകാരും അഭയാർത്ഥികളും ദരിദ്രരും ഒക്കെ എല്ലാ അവകാശവും അസ്ഥിത്വബോധവും അനുഭവിക്കാൻ യോഗ്യതയുള്ളവരാണെന്ന് നിരന്തരം ഓർമ്മപ്പെടുത്തി.

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുവിന്റെ ലോക മതസമ്മേളനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ചടങ്ങിൽ സംബന്ധിക്കാൻ ആണ് ഞങ്ങൾ കഴിഞ്ഞ നവംബറിൽ റോമിലേക്ക് എത്തിയത്. മാർപാപ്പയെ കാണാനും സംവദിക്കാനും ചിത്രങ്ങൾ എടുക്കാനും സമ്മാനമായി ഇന്ത്യൻ ഭരണ ഘടന യുടെ കോപ്പി നൽകാൻ സാധിച്ചതുമൊക്കെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷങ്ങങ്ങളായി കരുതുന്നു. അവസാന മനുഷ്യനിലേക്ക് കൈകൾ നീളുമ്പോഴും ഏറ്റവുമാര്‍ദ്രതയോടു കൂടെയും സ്നേഹത്തോടുകൂടിയും അദ്ദേഹം പെരുമാറി അവസാനത്തെ അതിഥിയെയും പരിഗണിച്ചുകൊണ്ട് താൻ മുന്നോട്ടുവെക്കുന്ന നിലപാടുകളുടെ ആൾരൂപമായി മാറാൻ പാപ്പയ്ക്ക് കണിശത ഉണ്ടായിരുന്നു. ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾ ലോകത്തിന് മാതൃകയാണെന്നും കലാതീതമായ മൂല്യബോധം ആണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. പാപ്പ ഇതര മത നേതാക്കളോട് കാണിച്ച ആദരവും സ്നേഹവും പരിഗണനയും എന്നെ വിസ്മയിപ്പിച്ചു. പാപ്പയുടെ ഓരോ ചലനത്തിലും സമീപനത്തിലും സഭാ വിശ്വാസിയായ എനിക്ക് അഭിമാനം തോന്നി.

ഔദ്യോഗിക വസതിയായ കൊട്ടാരം ഉപേക്ഷിച്ച് അതിഥി മന്ദിരത്തിലേക്ക് മാറിയതും കലാകാലങ്ങളായി സഭയും പൗരോഹിത്യവും നടത്തിക്കൊണ്ടിരിക്കുന്ന അടിച്ചമർത്തലുകൾക്കും മാപ്പ് പറഞ്ഞുo ലൈംഗിക ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവരെ സമഭാവനയോടുകൂടെ കാണണമെന്ന് പ്രഖ്യാപനം നടത്തിയും ഫ്രാൻസിസ് പാപ്പ എല്ലാ കാലത്തും വ്യത്യസ്തമായ ആത്മീയത മുന്നോട്ടുവച്ചു.

മാനുഷികതയാണ് പരിഗണിക്കപ്പെടേണ്ടതൊന്നും ജാതിമത ലിംഗ വ്യത്യാസങ്ങൾ അതിന് തടസ്സമല്ലെന്നും ഫ്രാൻസിസ് പാപ്പ വാദിച്ചു. നിരന്തരം തിരുത്തപ്പെടേണ്ടതിന്റെ ആവശ്യകതയും തിരുത്തലുകൾ കൊണ്ട് നവീകരിക്കപ്പെടേണ്ടതാണ് മതവും സമൂഹവും വ്യക്തിയുമെന്ന് അവിടുന്ന് ഓർമ്മപ്പെടുത്തി. മരണംകൊണ്ടും വ്യത്യസ്തമായ മൂല്യബോധം അദ്ദേഹം എല്ലാകാലത്തും ഉയർത്തിപ്പിടിച്ചു. തന്റെ മരണചടങ്ങുകൾ ലളിതമാക്കണമെന്നും സാധാരണക്കാരനായി ഈ ഭൂമിയിൽ നിന്ന് പോകണമെന്നും അദ്ദേഹം നിഷ്കർഷിച്ചു. സമാനതകൾ ഇല്ലാത്ത പൗരോഹിത്യ ആത്മീയ മാതൃകയാണ് ഫ്രാൻസിസ് പാപ്പ നമുക്ക് മുൻപിൽ വെളിവാക്കുന്നത്.